ന്യൂഡൽഹി : ഡൽഹി മെട്രോയ്‌ക്കുള്ളിൽ മദ്യവുമായി യാത്ര ചെയ്യാൻ അനുമതി നൽകി അധികൃതർ. പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ച് ഒരാൾക്ക് രണ്ട് സീൽ ചെയ്‌ത മദ്യക്കുപ്പികളാണ് മെട്രോയിൽ കൊണ്ടുപോകാൻ അനുവാദമുള്ളത്. അതേസമയം മെട്രോ പരിസരത്ത് മദ്യം കഴിക്കുന്നത് ഇപ്പോഴും കർശനമായി നിരോധിച്ചിരിക്കുകയാണ്.
എയർപോർട്ട് എക്‌സ്‌പ്രസ് ലൈൻ ഒഴികെയുള്ള ഡൽഹി മെട്രോയിൽ അടുത്ത കാലം വരെ മദ്യം കൊണ്ടുപോകുന്നത് നിരോധിച്ചിരിക്കുകയായിരുന്നെന്ന് ഡിഎംആർസി (Delhi Metro Rail Corporation) അറിയിച്ചു. തുടർന്ന് സുരക്ഷ ചുമതലയുള്ള സിഐഎസ്എഫിലെയും ഡിഎംആർസിയിലെയും ഉദ്യോഗസ്ഥർ അടങ്ങിയ സമിതി യോഗം ചേർന്നാണ് ചട്ടത്തിൽ ഭേദഗതി ചെയ്‌തത്. പുതുക്കിയ പട്ടിക പ്രകാരം, എയർപോർട്ട് എക്‌സ്‌പ്രസ് ലൈനിലെ വ്യവസ്ഥകൾക്ക് തുല്യമായി ഒരാൾക്ക് രണ്ട് സീൽ ചെയ്‌ത മദ്യം ഡൽഹി മെട്രോയിൽ കൊണ്ടുപോകാവുന്നതാണ്.
എന്നാൽ യാത്രാവേളയിൽ മെട്രോ യാത്രക്കാർ ശരിയായ മര്യാദ പാലിക്കണമെന്ന് ഡിഎംആർസി അറിയിച്ചു. ഏതെങ്കിലും യാത്രക്കാരൻ മദ്യപിച്ച് അപമര്യാദയായി പെരുമാറിയാൽ അവർക്കെതിരെ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ഉചിതമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ഐ ടി പാർക്കിൽ മദ്യം :കേരളത്തിൽ കഴിഞ്ഞ മാസം സംസ്ഥാനത്തെ തെരഞ്ഞെടുത്ത ഐ ടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിന് അനുമതി ലഭിച്ചിരുന്നു. ഇത്തരം മദ്യ വിതരണ കേന്ദ്രങ്ങൾക്ക് ക്ലബ്ബുകളുടെ മാതൃകയിൽ ഫീസ് ഈടാക്കാനായിരുന്നു തീരുമാനം. കൂടാതെ ബാർ ലൈസൻസ് തുക വർധിപ്പിക്കാനും സർക്കാരിന്‍റെ പുതിയ മദ്യനയത്തിലൂടെ തീരുമാനം ആയിരുന്നു.