റായ്‌പൂര്‍ : ഛത്തീസ്‌ഗഡിലെ തീവ്ര ഇടതുപക്ഷ ഭീകരരുടെ വെടിവയ്‌പ്പില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഛത്തീസ്‌ഗഡിലെ മഹാരാഷ്‌ട്ര അതിര്‍ത്തിയോട് ചേര്‍ന്നുള്ള രാജ്‌നന്ദ്ഗാവോണ്‍ ജില്ലയിലെ ബോര്‍തലവ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ഹെഡ് കോണ്‍സ്‌റ്റബിള്‍ രാജേഷ് സിങ്, സഹപ്രവര്‍ത്തകനായ ലളിത് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
'രാവിലെ 8നും 8.30നും ഇടയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അതിര്‍ത്തി ചെക്‌പോസ്‌റ്റില്‍ നിന്നും ജോലിയ്‌ക്കായി ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ നക്‌സലേറ്റുകളുടെ ഒരു സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ഏകദേശം 20 റൗണ്ടാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നക്‌സല്‍ സംഘം വെടിയുതിര്‍ത്തത്. വെടിവയ്‌പ്പില്‍ രാജേഷ് സിങ് തല്‍ക്ഷണം മരണപ്പെടുകയായിരുന്നു'-ഡിഎസ്‌പി അജിത് ഓങ്രെ പറഞ്ഞു.
'ഗുരുതരമായ പരിക്കുകള്‍ ഏറ്റതിനെ തുടര്‍ന്ന് ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം, ലളിതും മരണപ്പെട്ടു. സംഭവത്തിന് ശേഷം, നക്‌സലേറ്റുകള്‍ തങ്ങള്‍ സഞ്ചരിച്ച ഇരുചക്ര വാഹനം കത്തിച്ചു. ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസും ജില്ല പൊലീസ് സേനയും അന്വേഷണം ആരംഭിച്ചിരിക്കുകയാണ്'- ഡിഎസ്‌പി വ്യക്തമാക്കി.
അന്ത്യമില്ലാത്ത ആക്രമണം :വിവരം ലഭിച്ചപ്പോള്‍ തന്നെ പൊലീസ് സംഭവ സ്ഥലത്ത് എത്തിയിരുന്നുവെന്നും അന്വേഷണം തുടര്‍ന്ന് കൊണ്ടിരിക്കുകയാണെന്നും എസ്‌പി അഭിഷേക് മീണ അറിയിച്ചു. ഫെബ്രുവരി അഞ്ചിനും 12നും ഇടയില്‍ സംസ്ഥാനത്ത് നടന്ന മാവോയിസ്‌റ്റ് ആക്രമണത്തില്‍ മൂന്ന് പ്രാദേശിക ബിജെപി നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി അഞ്ചിന് ജില്ലയിലെ ആവപ്പള്ളി ഡിവിഷന്‍റെ നേതാവായിരുന്ന നീല്‍കാന്ത് കക്കേമിന്‍റെ(48) കൊലപാതകത്തോടെയായിരുന്നു ആക്രമണത്തിന് തുടക്കമായത്.
ശേഷം, ബിജെപിയുടെ ജില്ല മേധാവിയായിരുന്ന സാഗര്‍ സഹു ഫെബ്രുവരി 10ന് നടന്ന മാവോയിസ്‌റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പൊലീസിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന് ആരോപിച്ച് മുന്‍ പഞ്ചായത്ത് അംഗമായ രാംധര്‍ അലമിയെയും(43) മാവോയിസ്‌റ്റുകള്‍ കൊലപ്പെടുത്തിയിരുന്നു. കൂടാതെ, കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തിന്‍റെ തുടക്കത്തില്‍ നക്‌സലേറ്റുകള്‍ സ്‌ഫോടനം നടത്തിയതിന് ശേഷം, ജില്ലയിലെ സുരക്ഷാസേനയ്‌ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്‌തിരുന്നു.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. ജില്ലയിലെ പൊലീസ് ആസ്ഥാനത്തുനിന്ന് 65 കിലോമീറ്റര്‍ അകലെയുള്ള ഓര്‍ച്ഛ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു വെടിവയ്‌പ്പ് നടന്നത്. ജില്ലയിലെ റിസര്‍വ് ഗാര്‍ഡിന്‍റെയും ഛത്തീസ്‌ഗഡ് സായുധ സേനയുടെയും അധീനതയിലുള്ള മേഖലയില്‍ നക്‌സലേറ്റുകള്‍ മറഞ്ഞിരുന്ന് വെടിയുതിര്‍ക്കുകയായിരുന്നു. സംയുക്ത സേന വെടിയുതിര്‍ത്തതോടെ അക്രമികള്‍ സ്ഥലംവിട്ടു.