റാഞ്ചി (ജാര്‍ഖണ്ഡ്): പ്രവാചക നിന്ദയ്‌ക്കെതിരെ റാഞ്ചിയില്‍ നടന്ന പ്രതിഷേധത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരിച്ചു. വെള്ളിയാഴ്‌ച(ജൂണ്‍ 10) പ്രാര്‍ഥനയ്‌ക്ക് ശേഷമാണ് സ്ഥലത്ത് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘര്‍ഷങ്ങളില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (റിംസ്) പ്രവേശിപ്പിച്ചിരുന്നു.
പ്രദേശത്ത് നടന്ന സംഘര്‍ഷങ്ങളില്‍ നിരവധി വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തീവെച്ചും, കല്ലെറിഞ്ഞും നശിപ്പിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ ജില്ലാ ഭരണകൂടം പ്രശ്‌നബാധിത മേഖലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ നഗരത്തിലെ ഇന്‍റര്‍നെറ്റ് സേവനവും ഇന്ന് (ജൂണ്‍ 11) രാവിലെ ആറ് മണിവരെ അധികൃതര്‍ റദ്ദാക്കിയിരുന്നു.