ജമൂയി (ബിഹാര്‍): ബിഹാറില്‍ രണ്ട് മാവോയിസ്റ്റുകള്‍ പിടിയില്‍. കമാന്‍ഡോ ബറ്റാലിയന്‍ ഫോർ റെസൊല്യൂട്ട് ആക്ഷന്‍ (കോബ്ര), സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, എസ്‌എസ്‌ബി, ജമൂയി പൊലീസ് എന്നിവര്‍ ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് മാവോയിസ്റ്റ് കമാന്‍ഡര്‍മാരായ കരുണ ദി, പിന്‍റു റാണ എന്നിവര്‍ പിടിയിലായത്. ജമൂയിയിലെ ഗിദ്വേശ്വർ വനമേഖലയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
തലയ്‌ക്ക് ലക്ഷങ്ങള്‍ വില; ബിഹാറില്‍ രണ്ട് മാവോയിസ്റ്റുകള്‍ പിടിയില്‍ - two maoist commanders arrested in bihar
മാവോയിസ്റ്റ് കമാന്‍ഡര്‍മാരായ കരുണ ദി, പിന്‍റു റാണ എന്നിവരെയാണ് സംയുക്ത ഓപ്പറേഷനിലൂടെ പിടികൂടിയത്
ഇരുവരുടെയും പക്കല്‍ നിന്നും എകെ-47, എസ്‌എല്‍ആര്‍, ലൈവ് കാര്‍ട്രിഡ്‌ജുകളുടെ വന്‍ ശേഖരം എന്നിവ കണ്ടെടുത്തു. കരുണ ദിയുടെ തലയ്‌ക്ക് 25 ലക്ഷം രൂപയും പിന്‍റു റാണയുടെ തലയ്‌ക്ക് 15 ലക്ഷം രൂപയും ഇനാം പ്രഖ്യാപിച്ചിരുന്നു. ഏറെക്കാലമായി പൊലീസ് ഇരുവര്‍ക്കും വേണ്ടിയുള്ള തെരച്ചിലില്‍ ആയിരുന്നു.
മാവോയിസ്റ്റ് നേതാവ് മാത്‌ലു തുരിയെ പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഇതിന് പിന്നാലെ വനത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ ഇവര്‍ തേടുകയായിരുന്നു എന്നാണ് വിവരം. പിന്‍റു റാണക്കെതിരെ 72 കേസുകളും കരുണ ദിക്കെതിരെ 33 കേസുകളുമാണ് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിലവിലുള്ളത്. ഇരുവരുടെയും അറസ്റ്റോടെ ബിഹാറിലെയും ജാര്‍ഖണ്ഡിലെയും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ കുറയ്‌ക്കാനാകുമെന്നാണ് കരുതുന്നതെന്ന് ജമൂയി എസ്‌പി ശൗര്യ സുമന്‍ പറഞ്ഞു.