ലക്‌നൗ: ഉത്തർപ്രദേശിലെ ഇറ്റാവ സഫാരി പാർക്കിൽ രണ്ട് പെൺസിംഹങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. ഏകദേശം ഒമ്പത് വയസുള്ള ജെനിഫർ, നാല് വസസുള്ള ഗൗരി എന്നിവയ്‌ക്കാണ് വെള്ളിയാഴ്‌ചയോടെ വൈറസ് ബാധിച്ചതായി കണ്ടെത്തിയത്. ഇറ്റാവ സഫാരി ഡയറക്‌ടർ ഓഫീസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ വിദഗ്‌ധരുടെ നിർദേശപ്രകാരം ഇവയുടെ ചികിത്സ ആരംഭിച്ചതായി അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും രണ്ടുപേരുടെയും സ്ഥിതി ഇന്നലെ വൈകുന്നേരം 7 മണിയോടെ മെച്ചപ്പെട്ട അവസ്ഥയിലേക്ക് മാറിയെന്ന് അധികൃതർ അറിയിച്ചു.
ഇറ്റാവ സഫാരി പാർക്കിൽ രണ്ട് സിംഹങ്ങൾക്ക് കൊവിഡ്
ഒമ്പത് വയസും നാല് വയസും പ്രായമുള്ള പെൺസിംഹങ്ങൾക്കാണ് കൊവിഡ്. ഇവയെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്. നേരത്തെയും സിംഹങ്ങളിൽ കൊവിഡ് റിപ്പോർട്ട് ചെയ്‌തിരുന്നു
104 മുതൽ 105 ഡിഗ്രീ സെൽഷ്യസ് വരെ ഉയർന്ന ശരീരതാപനില അനുഭവപ്പെട്ടതിനെ തുടർന്ന് മെയ് മൂന്ന്, ആറ് തീയതികളിൽ അധികൃതർ സിംഹങ്ങളുടെ സാമ്പിളുകൾ ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് (ഐവിആർഐ) പരിശോധനയ്ക്കായി അയച്ചിരുന്നു. അതിനെ തുടർന്നാണ് കൊവിഡ് പോസിറ്റീവ് ആയതായി അറിഞ്ഞുവെന്നും സഫാരി ഡയറക്‌ടർ കെ.കെ സിങ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വ്യാഴാഴ്‌ച വൈകുന്നേരം ഐവിആർഐ ബറേലി, ന്യഡൽഹി സെൻട്രൽ സൂ അതോറിറ്റി ഓഫ് ഇന്ത്യ, ഡെറാഡൂൺ വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലെ വിദഗ്‌ധ സംഘങ്ങളൊന്നിച്ച് വീഡിയോ കോൺഫറൻസിങ് നടത്തി. നിലവിൽ സിംഹങ്ങൾ നിരീക്ഷണത്തിൽ കഴിയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ആഴ്‌ചയും ഇത്തരത്തിൽ ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കൽ പാർക്കിലെ (എൻഎസ്‌പി) എട്ട് സിംഹങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചരുന്നു.
കൂടുതൽ വായനയ്‌ക്ക്:ഹൈദരാബാദ് നെഹ്‌റു മൃഗശാലയിലെ സിംഹങ്ങൾക്ക് കൊവിഡ്