മീററ്റ് : അമ്മയുടെ പുനർവിവാഹത്തിൽ രോഷാകുലരായ മക്കൾ രണ്ടാം ഭർത്താവിനെ വെടിവച്ചുകൊന്നു. ഉത്തർപ്രദേശിലെ മീററ്റ് ജില്ലയിലെ ഹസ്‌തിനപുരി സ്വദേശിയായ അരവിന്ദ് (22) ആണ് മരിച്ചത്. ഇയാൾ സഞ്ചരിച്ചിരുന്ന ഇ - റിക്ഷയുടെ ഡ്രൈവർ സുരേന്ദ്രയും (40) ആക്രമണത്തിൽ, കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.
മീററ്റ് ജില്ലയിലെ ഹസ്‌തിനപുരിലെ സൈഫ്‌പൂർ കരംചന്ദ് ട്രൈ സെക്ഷനിലൂടെ അരവിന്ദ് ഇ - റിക്ഷയിൽ സഞ്ചരിക്കുമ്പോഴാണ് സംഘം ആക്രമണം നടത്തിയത്. മോട്ടോർ സൈക്കിളിൽ പിന്തുടർന്നെത്തിയ നാലംഗ സംഘം അരവിന്ദിനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനിടെ ഡ്രൈവര്‍ക്കും വെടിയേറ്റു. സമീപത്തുള്ളവര്‍ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങിയിരുന്നതായി സീനിയർ പൊലീസ് സൂപ്രണ്ട് രോഹിത് സിങ് സജ്വാൻ പറഞ്ഞു.
ഹസ്‌തിനപുരി സ്വദേശിനിയായ ഗീത 2021 ലാണ് അരവിന്ദിനെ വിവാഹം ചെയ്‌തത്. നേരത്തെ, 2002ൽ വിവാഹിതയായ ഗീത 2020ൽ ആദ്യ ഭർത്താവിന്‍റെ മരണത്തോടെയാണ് പുനർവിവാഹം ചെയ്‌തത്. എന്നാൽ, ഗീതയുടെ ആദ്യ വിവാഹത്തിലെ മക്കളും ഭർതൃസഹോദരനും പുതിയ ബന്ധത്തിൽ അതൃപ്‌തരായിരുന്നു. ഇതോടെ വിവാഹശേഷം അരവിന്ദും ഗീതയും ഗ്രാമത്തിന് പുറത്താണ് താമസിച്ചിരുന്നത്. ആദ്യ ഭർത്താവിന്‍റെ ബന്ധുക്കളിൽ നിന്ന് ഇവർക്ക് നിരന്തരം ഭീഷണിയുണ്ടായിരുന്നുവെന്നാണ് യുവതി പറയുന്നത്.
ആക്രമണത്തിന് കാരണം ഇരുവരുടെയും വിവാഹമാണെന്ന് അരവിന്ദിന്‍റെ സഹോദരനും ഗീതയും പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഗീതയുടെ മക്കൾക്കും അവരുടെ ഭർതൃസഹോദരന്‍റെ മക്കൾക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ബൈക്കിലെത്തി കൊലപാതകം നടത്തിയവരെയും ഇതില്‍ പങ്കുള്ള മറ്റുള്ളവരെയും അറസ്റ്റ് ചെയ്യുന്നതിനായി രണ്ട് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ALSO READ :Murder | വാക്കുതര്‍ക്കത്തിനൊടുവില്‍ കോടാലി കൊണ്ട് തലയ്‌ക്കടിച്ചു; മദ്യലഹരിയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഗര്‍ഭിണി
ഛത്തീസ്‌ഗഢിലെ കാങ്കർ ജില്ലയിലെ റായ് ഗ്രാമത്തിൽ മദ്യലഹരിയില്‍ ഭര്‍ത്താവിനെ കോടാലി കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ഗര്‍ഭിണി. സാഗരം പര്‍ച്ചാപിയാണ് (35) അതിദാരുണമായി കൊല്ലപ്പെട്ടത്. 30കാരിയായ മന്‍കി പര്‍ച്ചാപിയാണ് കേസിൽ പ്രതി. ജൂലൈ 16നാണ് യുവതി ഭര്‍ത്താവിനെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ആക്രമണത്തില്‍ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ നാല് ദിവസം ഇവര്‍ വീട്ടില്‍ വച്ച് ചികിത്സയ്‌ക്ക് വിധേയനാക്കി. തുടര്‍ന്ന് ജൂലൈ 19നാണ് ഇയാള്‍ മരണപ്പെട്ടത്. പ്രതി ഇയാളുടെ മൃതദേഹം സംസ്‌കാരിക്കാനുള്ള ശ്രമം നടത്തുന്നതിനിടെയാണ് കൊലപാതകത്തെക്കുറിച്ച് പ്രദേശവാസികൾ അറിഞ്ഞതെന്നും അന്വേഷണ സംഘം കൂട്ടിച്ചേര്‍ത്തു.
മരണപ്പെട്ട സാഗരം പര്‍ച്ചാപിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം സംസ്‌കാരിച്ചു. പ്രതി കോടാലി ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്നും ഇവര്‍ നേരത്തെ തന്നെ മദ്യാസക്തി ഉണ്ടായിരുന്ന വ്യക്തിയാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞതായി അംബേഡ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ജിതേന്ദ്ര സാഹു വ്യക്തമാക്കി.
കൊലപാതകത്തിലേക്ക് നയിച്ച വാക്കുതര്‍ക്കം:ജൂലൈ 16ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സാഗരം പര്‍ച്ചാപി വീട്ടിലേക്ക് എത്തിയത്. ഈ സമയം ഭാര്യ മന്‍കി പര്‍ച്ചാപി മദ്യലഹരിയിലായിരുന്നു. ഭാര്യ മദ്യപിച്ചത് മനസിലാക്കിയ സാഗരം ഇവരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന്, ക്ഷുഭിതയായ മൻകി കോടാലി ഉപയോഗിച്ച് ഭര്‍ത്താവിന്‍റെ തലയിൽ അടിച്ചു. പിടിക്കപ്പെടുമോ എന്ന ഭയം ഉണ്ടായിരുന്നതിനാൽ ഇവര്‍ ഭര്‍ത്താവിനെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായില്ല.
പകരം, സമീപത്തെ ഒരു ആയുർവേദ വിദഗ്‌ധനെയാണ് ഇവര്‍ ബന്ധപ്പെട്ടത്. ഭാര്യയുടെ നിര്‍ദേശ പ്രകാരം ഭര്‍ത്താവിനെ ഇവര്‍ ചികിത്സിക്കുകയും ചെയ്‌തു. എന്നാല്‍, ഈ ചികിത്സ രീതിയോട് പ്രതികരിക്കാതെ വന്ന സാഗരം പര്‍ച്ചാപി ജൂലൈ 19ന് മരണപ്പെട്ടു.