ശ്രീനഗര്‍:കശ്‌മീരിലെപുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ജയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പുല്‍വാമയില്‍ പൊലീസ് ഉദ്യോഗസ്ഥനായ റിയാസ് അഹമ്മദിനെ വീട്ടില്‍ കയറി വെടിവെച്ച് കൊന്ന കേസിലെ പ്രതിയാണെന്ന് കശ്‌മീര്‍ സോണ്‍ ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ വിജയ് കുമാര്‍ വ്യക്തമാക്കി. കുല്‍ഗാം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ പരിശോധനക്കിടെയാണ് ഭീകരരുമായി ഏറ്റുമുട്ടിയത്.
പുല്‍വാമയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു
പൊലീസ് ഉദ്യോഗസ്ഥനായ റിയാസ് അഹമ്മദിന്‍റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടയാളാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഒരാള്‍.
പതിനെട്ട് മണിക്കൂര്‍ നീണ്ട് നിന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ സൈന്യം വധിച്ചത്. ജയ്‌ഷെ ഭീകരവാദികളായ അബിബ് ഹുസൈന്‍ ഷാ, സഖിബ് ആസാദ് സോഫി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. രാത്രി മുഴുവന്‍ നീണ്ടു നിന്ന ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
2022 മെയ് 13നാണ് പൊലീസ് കോണ്‍സ്റ്റബിളായ റിയാസ് അഹമ്മദിനെ അബിബ് ഷാ വീട്ടില്‍ കയറി വെടിവെച്ചു കൊലപ്പെടുത്തിയത്. പൊലീസ് ഉദ്യോഗസ്ഥന്‍റെ കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടവരാണ് കൊല്ലപ്പെട്ട ഭീകരരെന്ന് വിജയ് കുമാര്‍ പറഞ്ഞു. കശ്‌മീരില്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ നിന്നും യുവാക്കളെ പിന്തിരിപ്പിക്കാന്‍ പൊലീസ് നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.