ജാർഖണ്ഡ് : മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ ജാർഖണ്ഡ് ജാഗ്വാർ ഫോഴ്‌സിലെ രണ്ട് ജവാന്മാർ കൊല്ലപ്പെട്ടു. വെസ്റ്റ് സിംഗ്ഭും ജില്ലയിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ ജാർഖണ്ഡ് ജാഗ്വാർ സേനയിലെ (പൊലീസിലെ പ്രത്യേക വിഭാഗം) രണ്ട് ജവാൻമാർ കൊല്ലപ്പെട്ടതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അമിത് തിവാരി, ഗൗതം കുമാർ എന്നീ രണ്ട് ജവാന്മാരാണ് മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് വെസ്റ്റ് സിംഗ്ഭും പൊലീസ് സൂപ്രണ്ട് അശുതോഷ് ശേഖർ പറഞ്ഞു. കൂടുതൽ വിശദാംശങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെസ്റ്റ് സിംഗ്ഭും ജില്ലയിലെ ടോന്‍റോ ഭാഗത്ത് തിങ്കളാഴ്ച രാത്രിയോടുകൂടിയായിരുന്നു സംഭവം. ഇതേ മേഖലയിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തതിന് തൊട്ടുപിന്നാലെയാണ് ഇത്തരത്തില്‍ വീണ്ടുമൊരു സംഭവം നടക്കുന്നത്. പ്രദേശത്ത് മാവോയിസ്റ്റുകൾക്കായി തെരച്ചില്‍ നടക്കുകയാണ്.
ALSO READ :ഇരിട്ടി വിയറ്റ്‌നാമിൽ മാവോവാദി സംഘത്തിന്‍റെ പ്രകടനം ; നഗരത്തിലെത്തിയത് 3 സ്‌ത്രീകളടങ്ങുന്ന 11 അംഗ സംഘം
വിയറ്റ്‌നാമിൽ മാവോവാദി സംഘത്തിന്‍റെ പ്രകടനം :കണ്ണൂരിലെ ഇരിട്ടി വിയറ്റ്‌നാമിൽ ആണ് വീണ്ടും മാവോവാദി സംഘത്തിന്‍റെ പ്രകടനം. ആറളം പഞ്ചായത്തിലെ കീഴ്‌പ്പള്ളി വിയറ്റ്‌നാമിൽ ആണ് മാവോവാദി സംഘം വീണ്ടും എത്തി പ്രകടനം നടത്തി പോസ്റ്ററുകൾ പതിപ്പിച്ചത്. ഇതിന് മുന്‍പ് ഇക്കഴിഞ്ഞ ജൂണ്‍ മാസം ഇരിട്ടി എടപ്പുഴയിൽ സായുധരായ അഞ്ചംഗ മാവോയിസ്‌റ്റ് സംഘം പ്രകടനം നടത്തിയിരുന്നു.
വിയറ്റ്‌നാമിൽ മൂന്ന് സ്‌ത്രീകളടങ്ങുന്ന 11 അംഗ സംഘത്തെയാണ് കണ്ടത്. സിപിഐ മാവോവാദി കബനി ഏരിയ സമിതി എന്ന് എഴുതിയ പോസ്റ്ററുകളാണ് സംഘം പതിച്ചത്. അരമണിക്കൂറോളം ടൗണിൽ ചെലവഴിച്ച സംഘം പ്രദേശത്തെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിയാണ് മടങ്ങിയത്. കേരള വനത്തിൽ നിന്നാണ് സംഘം ഇവിടെ എത്തിയത് എന്നാണ് കരുതപ്പെടുന്നത്.
അടുത്തിടെ എടപുഴയിലും വാളത്തോടും അഞ്ചംഗ സംഘം എത്തി പ്രകടനം നടത്തിയിരുന്നു. ഒരാഴ്‌ച മുൻപാണ് കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ വളന്തോടാണ് വീണ്ടും അഞ്ചംഗ മാവോയിസ്‌റ്റ് സംഘം എത്തിയിരുന്നത്. മാവോയിസ്‌റ്റ് നേതാവായ സിപി മൊയിദീനും ഒരു സ്ത്രീയും അടങ്ങിയ സംഘമാണ് ടൗണിൽ എത്തിയതെന്നാണ് സംശയിച്ചിരുന്നത്. ഇവിടെയും ഇത്തരത്തിലുള്ള പോസ്‌റ്ററുകള്‍ കണ്ടെത്തിയിരുന്നു.
ഒന്നില്‍ കൂടുതല്‍ സ്ഥലങ്ങളിലായി മാവോവാദി സംഘങ്ങള്‍ എത്തുകയും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നതും പോസ്റ്ററുകള്‍ പതിപ്പിക്കുന്നതും പ്രസംഗങ്ങള്‍ നടത്തുകയും ചെയ്യുന്നത്. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഇവരെക്കുറിച്ച് മറ്റു വിവരങ്ങൾ ഒന്നും ലഭിക്കാന്‍ സാധിച്ചിട്ടില്ല. ഇരിട്ടി എഎസ്‌പി തബോഷ് ബസുമതാരി ആറളം എസ് ഐ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തലുള്ള പൊലീസ് സംഘമാണ് അന്വേഷണ നടപടികള്‍ സ്വീകരിച്ചത്.
ALSO READ :ജാർഖണ്ഡിലെ മാവോയിസ്റ്റ് നേതാവ് കോഴിക്കോട് പിടിയില്‍ ; വേഷം മാറി ഒളിവിൽ കഴിഞ്ഞത് ഒന്നരമാസം