അമരാവതി: വ്യാജ റെംഡെസിവിർ മരുന്ന് കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. ഭാനു പ്രതാപ്, വീരബാബു എന്നിവരാണ് അറസ്റ്റിലായത്.
വ്യാജ റെംഡെസിവിർ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ
മൂന്നാം പ്രതിക്കായി അന്വേഷണം നടക്കുന്നതായി പൊലീസ്
മംഗലഗിരിയിലെ സ്വകാര്യ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറായി ജോലി ചെയ്യുന്ന ഭാനു പ്രതാപ് ഹൈദരാബാദ് സ്വദേശിയായ പവൻ എന്ന വ്യക്തിയിൽ നിന്നും 52000 രൂപക്ക് നാല് വ്യാജ റെംഡെസിവിർ മരുന്ന് വാങ്ങുകയും അവയിൽ രണ്ടെണ്ണം വിജയവാഡയിൽ നിന്നുള്ള മെഡിക്കൽ പ്രതിനിധി വീരബാബുവിന് 27000 രൂപക്ക് വീതം വിൽക്കുകയും ചെയ്തു. വീരബാബു മരുന്നുകൾ 36000 രൂപക്ക് വീതം മറിച്ചു വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് പിടിയിലായത്.
വിജയവാഡ പൊലീസ് ടാസ്ക് ഫോഴ്സിന് ലഭിച്ച വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് വിജയവാഡ പൊലീസ് കമ്മിഷണർ ബി ശ്രീനുവാസുലു പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണത്തിനായി പ്രതികളെ ഭവാനിപുരം പൊലീസിന് കൈമാറിയെന്ന് പറഞ്ഞ കമ്മീഷണർ പവൻ എന്ന വ്യക്തിക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് കൂട്ടിച്ചേർത്തു.