ഭോപ്പാൽ : മധ്യപ്രദേശിലെ സിംഗ്‌പൂർ റെയിൽവേ സ്റ്റേഷന് സമീപം രണ്ട് ഗൂഡ്‌സ് ട്രെയിനുകൾ പരസ്‌പരം കൂട്ടിയിടിച്ച് ഒരു ലോക്കോ പൈലറ്റ് മരിച്ചു. ഇടിയുടെ ആഘാതത്തിൽ ട്രെയിനുകളുടെ എഞ്ചിനുകൾക്ക് തീപിടിച്ചു. ഇന്ന് രാവിലെ 6:45നാണ് അപകടം നടന്നത്.
മധ്യപ്രദേശില്‍ ഗൂഡ്‌സ് ട്രെയിനുകൾ കൂട്ടിയിടിച്ച് മറിഞ്ഞു ; ഒരു ലോക്കോ പൈലറ്റ് മരിച്ചു, എഞ്ചിനുകൾക്ക് തീപിടിച്ചു
മധ്യപ്രദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എഞ്ചിനുകൾക്ക് തീപിടിച്ചു
അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് ചിലർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ആംബുലൻസിന്‍റെയും അഗ്നിശമന സേനയുടെയും സംഘങ്ങൾ എത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
സിംഗ്‌പൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന രണ്ട് വശത്തും എഞ്ചിൻ ഘടിപ്പിച്ച ഗൂഡ്‌സ് ട്രെയിനിനു പിന്നിൽ ബിലാസ്‌പൂരിൽ നിന്ന് വരികയായിരുന്ന മറ്റൊരു ഗൂഡ്‌സ് ട്രെയിൻ വന്ന് ഇടുക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ട്രെയിനുകൾ മറ്റു റൂട്ടുകളിലേക്ക് മാറ്റി. കൂട്ടിയിടിയുടെ കാരണം കണ്ടെത്തുന്നതിനായി ഉദ്യോഗസ്ഥർ അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചതായും ഈ റൂട്ടിലെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.