നിസാമാബാദ് (തെലങ്കാന):അറബ് രാഷ്‌ട്രങ്ങളില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് പലരില്‍ നിന്നായി വ്യാജ ഏജന്‍റ് രണ്ട് കോടി രൂപയോളം തട്ടിയെടുത്തതായി പരാതി. തെലങ്കാനയിലെ വിവിധ ജില്ലകളില്‍ നിന്നുള്ള 500ഓളം പേരാണ് തട്ടിപ്പിനിരയായത്. ആറ് മാസം മുന്‍പ് തുറന്ന ട്രാവല്‍സ് കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്.
ഷെയ്ഖ് ബഷീർ എന്ന വ്യക്തി ഡച്ച്പള്ളി കേന്ദ്രീകരിച്ചാണ് ട്രാവല്‍സ് ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ദുബായ്, കുവൈറ്റ്, സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങളില്‍ ഉയര്‍ന്ന വേതനം വാഗ്‌ദാനം ചെയ്‌തുള്ള ജോലികളായിരുന്നു ഇയാളുടെ വാഗ്‌ദാനം. ഇതിനായി തൊഴില്‍ രഹിതരില്‍ നിന്നും പാസ്‌പോര്‍ട്ടും 20,000-50,000 വരെയാണ് പ്രതി കൈപ്പറ്റിയതെന്നും പൊലീസ് വ്യക്തമാക്കി.
തൊഴിൽ, വിസ, വിദേശ യാത്ര തീയതികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടാൻ എല്ലാവരുമായും അദ്ദേഹം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ സ്ഥാപിച്ചു. പിന്നാലെ കഴിഞ്ഞ വർഷം ഡിസംബറിൽ ചിലർക്ക് അദ്ദേഹം വൈദ്യപരിശോധനയും നടത്തിയിരുന്നു. നിസാമാബാദ്, കരിംനഗർ, ജഗിത്യാല, നിർമൽ, കാമറെഡ്ഡി ജില്ലകളില്‍ നിന്നുള്ള അഞ്ഞൂറോളം പേരാണ് ഇയാള്‍ക്ക് പണം കൈമാറിയതെന്നും പൊലീസ് അറിയിച്ചു.
ഇന്ന് വിസ നല്‍കുമെന്നായിരുന്നു ഏജന്‍റ് വാഗ്‌ദാനം നല്‍കിയിരുന്നത്. എന്നാല്‍ ഞായറാഴ്‌ചയോടെ ഇയാള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ഡിലീറ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ഫോണിലൂടെയും ബന്ധപ്പെടാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് സാധിച്ചില്ല.
തൊട്ടടുത്ത ദിവസം ഇവര്‍ ഡച്ച്പള്ളിയിലെത്തിയപ്പോള്‍ ട്രാവല്‍സ് അടച്ചിട്ടിരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തുര്‍ന്നാണ് കബളിക്കപ്പെട്ടവര്‍ പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ട്രാവല്‍സ് അധികൃതര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും പ്രതികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ആരംഭിച്ചതായും നിസാമാബാദ് എസിപി വെങ്കിടേശ്വർ പറഞ്ഞു.