ഡെറാഡൂണ്‍: ചമോലി ജില്ലയിലെ ജോഷിമത്ത് പ്രദേശത്തുണ്ടായ മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് തപോവന്‍ തുരങ്കത്തില്‍ കുടുങ്ങിയ രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം നാല്‍പതായി. തുരങ്കത്തില്‍ 30 പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഈ തുരങ്കത്തില്‍ നിന്നും കണ്ടെടുത്ത ആദ്യ മൃതദേഹങ്ങളാണിത്. കഴിഞ്ഞ ഞായറാഴ്ച ദുരന്തമുണ്ടായപ്പോള്‍ തപോവൻ-വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള തുരങ്കത്തിൽ ജോലിയിലായിരുന്നു നിരവധി തൊഴിലാളികള്‍. ഇന്ന് കണ്ടെടുത്ത മൃതദേഹങ്ങളില്‍ ഒന്ന് തിരിച്ചറിഞ്ഞു. തെഹ്രി ജില്ലയിലെ നരേന്ദ്ര നഗര്‍ സ്വദേശിയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.
ഉത്തരാഖണ്ഡ് ദുരന്തം; തപോവന്‍ തുരങ്കത്തില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു - uttarakhand disaster latest news
തുരങ്കത്തില്‍ നിന്നും കണ്ടെടുത്ത ആദ്യ മൃതദേഹങ്ങളാണിത്. കഴിഞ്ഞ ഞായറാഴ്ച ദുരന്തമുണ്ടായപ്പോള്‍ തപോവൻ-വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള തുരങ്കത്തിൽ ജോലിയിലായിരുന്നു നിരവധി തൊഴിലാളികള്‍. ഇന്ന് കണ്ടെടുത്ത മൃതദേഹങ്ങളില്‍ ഒന്ന് തിരിച്ചറിഞ്ഞു
എൻടിപിസിയുടെ തപോവൻ-വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതി മിന്നല്‍ പ്രളയത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു. 166 ഓളം പേരെ ദുരന്തത്തില്‍ കാണാതായതായാണ് വിവരം. കുറച്ചുപേരെയെങ്കിലും ജീവനോടെ കണ്ടെത്താന്‍ സാധിക്കണമെന്ന ആഗ്രഹം മാത്രമെയുള്ളൂവെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. ഋഷി ഗംഗ നദിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ തപോവൻ തുരങ്കത്തിലെ രക്ഷാപ്രവർത്തനം കഴിഞ്ഞ ദിവസം നിർത്തിവച്ചിരുന്നു. കൂടാതെ പുതിയ തടാകം കണ്ടെത്തിയതും ആശങ്ക ഉയര്‍ത്തുന്നുണ്ട്.
റെയിനി ഗ്രാമത്തോട് ചേര്‍ന്ന് രൂപംകൊണ്ടിരിക്കുന്ന തടാകത്തില്‍ ജലനിരപ്പ് ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. 400 മീറ്റർ നീളവും 25 മീറ്റർ വീതിയും 60 മീറ്റർ ആഴവുമുള്ളതാണ് പുതിയ തടാകമെന്ന് കേന്ദ്ര ജല കമ്മീഷൻ ചെയർമാൻ സൗമിത്ര ഹൽദാർ പറഞ്ഞു. പുതിയ തടാകത്തിലെ വെള്ളം വീണ്ടും ഉയര്‍ന്നാല്‍ എന്തുചെയ്യുമെന്നത് സംബന്ധിച്ച് സിഡബ്ല്യുസി പരിശോധിക്കുന്നുണ്ട്. കൂടാതെ വെള്ളം കളയാന്‍ നിയന്ത്രിത സ്ഫോടനം നടത്താനുള്ള സാധ്യത പരിശോധിക്കുകയും ചെയ്യുന്നുണ്ട്. ദുരന്തത്തിൽ കൊല്ലപ്പെട്ട അഞ്ച് പേരുടെ ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ വീതം സര്‍ക്കാര്‍ നഷ്ടപരിഹാരം നൽകി.