ന്യൂഡല്‍ഹി:ഇന്ത്യയിലെ പുതിയ ഐടി നിയമപ്രകാരം ട്വിറ്റര്‍ രാജ്യത്ത് പുതുതായി നിയമിച്ച പരാതി പരിഹാര ഉദ്യോഗസ്ഥന്‍ രാജിവെച്ചു. ട്വിറ്റര്‍ കമ്പനി ഇന്ത്യയിലെ ഇടക്കാല റെസിഡന്‍ഷ്യല്‍ ഗ്രീവന്‍സ് ഓഫീസറായി നിയമിച്ച ധര്‍മേന്ദ്ര ചാതൂറാണ് രാജിവെച്ചത്.
ഇത് സംബന്ധിച്ച് ട്വിറ്റര്‍ ഔദ്യോഗികമായി പ്രതികരണം നടത്തിയിട്ടില്ല. രാജ്യത്തിന്‍റെ പുതിയ ഐടി നിയമങ്ങൾ പാലിക്കുന്നതിൽ ട്വിറ്റര്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം വിമർശനം ഉന്നയിച്ചിരുന്നു. മെയ് 25 മുതല്‍ ഇന്ത്യയിൽ പ്രാബല്യത്തില്‍ വന്ന പുതിയ ഐടി നിയമപ്രകാരം 50 ലക്ഷത്തിലധികം ഉപഭോക്താക്കളുള്ള എല്ലാ പ്രധാന സാമൂഹ്യ മാധ്യമ സ്ഥാപനങ്ങളും പരാതികള്‍ കൈകാര്യം ചെയ്യുന്നതിന് ഉദ്യോഗസ്ഥരുടെ പേരും ബന്ധപ്പെടാനുള്ള വിവരങ്ങളും പങ്കിട്ടുകൊണ്ട് ഒരു പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കണമെന്നുള്ള നിര്‍ദേശം നിലവിലുണ്ട്.