ഹൈദരാബാദ് : ബ്ലൂ വെരിഫൈഡ് അക്കൗണ്ടുള്ള ഉപഭോക്‌താക്കൾക്ക് ട്വിറ്ററിൽ നിന്നുള്ള പരസ്യ വരുമാനത്തിന്‍റെ പങ്ക് നൽകുമെന്ന് പ്രഖ്യാപിച്ച് കമ്പനി മേധാവി ഇലോണ്‍ മസ്‌ക്. വെള്ളിയാഴ്‌ച മുതൽ ബ്ലൂ ടിക് ഉള്ള ട്വിറ്റർ ഉപഭോക്‌താക്കൾക്ക് പരസ്യവരുമാനം പങ്കുവയ്‌ക്കുമെന്ന് ട്വീറ്റിലൂടെയാണ് മസ്‌ക് അറിയിച്ചത്. എന്നാൽ എങ്ങനെ വരുമാനം പങ്കുവയ്‌ക്കുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.
'ഇന്ന് മുതൽ ക്രിയേറ്റേഴ്‌സിന്‍റെ മറുപടി ത്രെഡുകളിൽ ദൃശ്യമാകുന്ന പരസ്യങ്ങളുടെ വരുമാനും അവരുമായി പങ്കുവയ്‌ക്കും. ഇതിന് യോഗ്യത നേടുന്നതിന് ട്വിറ്റർ അക്കൗണ്ട് ബ്ലൂ വെരിഫൈഡ് ആയിരിക്കണം.' മസ്‌ക് വെള്ളിയാഴ്‌ച ട്വീറ്റ് ചെയ്‌തു. അതേസമയം മസ്‌കിന്‍റെ ട്വീറ്റിന് സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് എങ്ങനെ നടപ്പിലാക്കും എന്ന ചോദ്യമാണ് കൂടുതൽ പേരും ഉന്നയിക്കുന്നത്.
മസ്‌ക് സിഇഒ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെയാണ് അക്കൗണ്ട് വെരിഫിക്കേഷൻ നടപടികൾ ട്വിറ്റർ പരിഷ്‌കരിച്ചത്. വെരിഫൈഡ് അക്കൗണ്ടുകൾക്ക് ബ്ലൂ ടിക് ലഭിക്കണമെങ്കിൽ ഉപഭോക്‌താവ് ഏകദേശം എട്ട് യുഎസ് ഡോളറോളം രൂപ മാസം നൽകേണ്ടിവരുമെന്ന് മസ്‌ക് അറിയിച്ചിരുന്നു. തീരുമാനത്തിന് പിന്നാലെ നിരവധി ട്വിറ്റർ ഉപഭോക്‌താക്കളും പരസ്യദാതാക്കളും കമ്പനിയെ കൈവിട്ടിരുന്നു.
അതിനാൽ വരുമാനം വാഗ്‌ദാനം ചെയ്‌ത് ഉപഭോക്താക്കളെയും പരസ്യ ദാതാക്കളെയും ആകർഷിക്കുന്നതിന് വേണ്ടിയാണ് പുതിയ പരിഷ്‌കാരങ്ങൾ എന്നാണ് ടെക് ലോകം വിലയിരുത്തുന്നത്. 2022 ഡിസംബറിൽ ട്വിറ്റർ അതിന്‍റെ ബ്ലൂ ടിക് സേവനത്തിനായുള്ള ഫീച്ചറുകളുടെ ലിസ്റ്റ് അപ്‌ഡേറ്റ് ചെയ്‌തിരുന്നു.
സബ്‌സ്‌ക്രൈബർമാർക്ക് 1080p റെസല്യൂഷനിലും 2ജിബി ഫയൽ വലിപ്പത്തിലും 60 മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനവും ട്വിറ്റർ അവതരിപ്പിച്ചിരുന്നു. എന്നാൽ എല്ലാ വീഡിയോകളും കമ്പനിയുടെ നിയമങ്ങൾക്ക് അനുസൃതമായിരിക്കണം എന്ന കർശന വ്യവസ്ഥയും മുന്നോട്ടുവച്ചിരുന്നു.