ന്യൂഡല്‍ഹി: യുക്രൈനിലെ റഷ്യൻ സൈനിക നടപടി മൂന്നാം ദിവസത്തിലായിരിക്കെ ഇരുരാജ്യങ്ങളിലും ട്വിറ്ററില്‍ പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നത് നീക്കി കമ്പനി. താല്‍ക്കാലികമായാണ് നടപടി. ജനസുരക്ഷ പരിഗണിച്ചാണിതെന്ന് ട്വിറ്റര്‍ അറിയിച്ചു.
നിർണായക വിവരങ്ങളിൽ നിന്ന് ഉപയോക്താക്കളെ വ്യതിചലിപ്പിക്കാൻ പരസ്യങ്ങൾക്ക് കഴിയുമെന്നതിന്‍റെ അടിസ്ഥാനത്തിലാണ് നീക്കമെന്നും ട്വിറ്റർ വ്യക്തമാക്കി. ഇംഗ്ലീഷ്, റഷ്യൻ, യുക്രേനിയന്‍ ഭാഷകളിലായാണ് ട്വിറ്റര്‍ ഇതുസംബന്ധിച്ച് പ്രസ്‌താവന ഇറക്കിയത്.
'പരസ്യങ്ങൾ നിര്‍ണായക വിവരങ്ങളില്‍ നിന്ന് ഉപയോക്താക്കളെ വ്യതിചലിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാനും നിർണായകമായ പൊതു സുരക്ഷാ വിവരങ്ങൾക്ക് പ്രാധാന്യം ലഭിക്കുന്നുണ്ടെന്ന് അടിവരയിടാനും യുക്രൈനിലും റഷ്യയിലും ട്വിറ്റര്‍ പരസ്യങ്ങൾ പ്രദര്‍ശിപ്പിക്കുന്നത് താൽക്കാലികമായി നിർത്തുന്നു' - കമ്പനി പ്രസ്‌താവനയിൽ വ്യക്തമാക്കി.