വാഷിങ്‌ടൺ: കൊവിഡ് പ്രതിസന്ധി നേരിടുന്ന ഇന്ത്യയ്‌ക്ക് കൈത്താങ്ങായി മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റായ ട്വിറ്ററും. 15 ദശലക്ഷം രൂപയാണ് ട്വിറ്റർ ഇന്ത്യയ്‌ക്ക് നൽകിയത്. കെയർ, എയ്‌ഡ് ഇന്ത്യ, സേവാ ഇന്‍റർനാഷണൽ യുഎസ്എ എന്നീ മൂന്ന് സർക്കാരിതര സംഘടനകൾക്ക് ഈ തുക സംഭാവന ചെയ്‌തതായി ട്വിറ്റർ സിഇഒ ജാക്ക് പാട്രിക് ഡോർസി ട്വീറ്റ് ചെയ്‌തു. കെയറിന് 10 ദശലക്ഷം യുഎസ് ഡോളറും എയ്‌ഡ് ഇന്ത്യക്കും സേവാ ഇന്‍റർനാഷണൽ യുഎസ്എയ്‌ക്കും 2.5 ദശലക്ഷം യുഎസ് ഡോളർ വീതമാണ് നൽകിയത്.
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്‍റെ ഭാഗമായി ഓക്‌സിജൻ കോൺസൺട്രേറ്ററുകൾ, വെന്‍റിലേറ്ററുകൾ തുടങ്ങിയവ വാങ്ങുന്നതിനായാണ് ഈ തുക നൽകിയത്. ഈ സഹായങ്ങൾക്ക് സേവാ ഇന്‍റർനാഷണലിന്‍റെ പ്രതിനിധി നന്ദി അറിയിക്കുകയും ചെയ്‌തു. അതേ സമയം കെയർ എന്ന സംഘടനയിലൂടെ താൽകാലിക കൊവിഡ് കെയർ സെന്‍ററുകൾ സ്ഥാപിച്ച് സർക്കാരിനെ സഹായിക്കുമെന്നും മുൻനിര ആരോഗ്യ പ്രവർത്തകർക്ക് ഓക്‌സിജൻ, പിപിഇ കിറ്റുകൾ, മറ്റ് അടിയന്തര വസ്‌തുക്കൾ തുടങ്ങിയവ നൽകുമെന്നും ട്വിറ്റർ അറിയിച്ചു.