ബെംഗളൂരു:തുളുവിന് ഔദ്യോഗിക ഭാഷാപദവി ആവശ്യപ്പെട്ട് ട്വിറ്ററിൽ ക്യാംപയിൻ. #TuluOfficialinKA_KL എന്ന ഹാഷ്‌ടാഗോടുകൂടി നടന്ന ക്യാംപയിനിന് രാഷ്‌ട്രീയ പ്രമുഖരുടെയും പൊതുജനങ്ങളുടെയും അടക്കം വമ്പിച്ച പിന്തുണയാണ് ലഭിച്ചത്. ഞായറാഴ്‌ച രാവിലെ ആറ് മണിക്ക് ആരംഭിച്ച ക്യാംപയിൻ അർധരാത്രി വരെ തുടർന്നു. തുളുവിനെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കാൻ കേരളത്തെയും കർണാടകയെയും പ്രേരിപ്പിക്കുന്നതിനായി 'ജയ് തുളുനാട്' ഉൾപ്പെടെയുള്ള സംഘടനകൾ പ്രചാരണം ഏറ്റെടുത്തിരുന്നു.
പ്രചാരണത്തെ പിന്തുണച്ചുകൊണ്ട് ദക്ഷിണ കന്നഡ എംപിയും ബിജെപി സംസ്ഥാന പ്രസിഡന്‍റുമായ നളിൻ കുമാർ കതീൽ തുളുവിൽ ട്വീറ്റ് ചെയ്‌തു. എട്ടാം ഷെഡ്യൂളിൽ തുളുവിനെ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളും ചർച്ചകളും നടക്കുന്നുണ്ടെന്നെന്നും ഏതാനും സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതായി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഭരണകാലത്ത് തന്നെ തുളുവിനെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.