ചണ്ഡിഗഡ്: ബിബിസി പഞ്ചാബി ന്യൂസിന്‍റെ ട്വിറ്റർ അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക് ഏൽപ്പെടുത്തി. 'നിയമപരമായ ആവശ്യം' കണക്കിലെടുത്ത് അക്കൗണ്ട് വിലക്കിയിരിക്കുകയാണെന്നാണ് പേജിൽ പറയുന്നത്. കേന്ദ്രസർക്കാരിന്‍റെ നിർദേശമാണോ പഞ്ചാബ് സർക്കാരിന്‍റെ ഇടപെടൽ മൂലമാണോ നടപടി എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.
ഖലിസ്ഥാൻ അനുകൂല നേതാവും വാരിസ് പഞ്ചാബ് ദി തലവനുമായ അമൃത്പാൽ സിങ്ങിനെ പിടികൂടാൻ പഞ്ചാബ് പൊലീസ് സജീവമായ തിരച്ചിൽ നടത്തുന്നതിനിടെയാണ് ബിബിസിയുടെ പഞ്ചാബി ട്വിറ്റർ അക്കൗണ്ടിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇനിയും മാധ്യമങ്ങളും ജുഡീഷ്യറിയും ഇതിനെ ന്യായീകരിക്കാൻ പോകുകയാണ് എങ്കിൽ .. നമ്മൾ ഇപ്പോൾ ഒരു പാർട്ടി ഭരിക്കുന്ന സംസ്ഥാനമാണെന്ന് മനസ്സിലാക്കാം. സംസ്ഥാനം ഇപ്പോൾ ഒരു പാർട്ടിയാണ്, ഒരു പാർട്ടി സംസ്ഥാനമായി!" രാഷ്‌ട്രീയ നിരീക്ഷകനായ തെഹ്‌സീൻ പൂനവല്ല ട്വീറ്റ് ചെയ്‌തു. ഇത് അനീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമൃത്‌പാൽ സിങ്ങിനായുള്ള പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ചില മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും അഭിഭാഷകരുടെയും അക്കൗണ്ടുകൾക്ക് താത്കാലില വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ നടപടിക്കെതിരെ വ്യാപക വിമർശനം ഉയർന്നു. മാർച്ച് 19 ന് ശിരോമണി അകാലിദൾ എംപി സിമ്രൻജിത് സിങ് മാന്‍റെ ട്വിറ്റർ അക്കൗണ്ടിന് ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. അടുത്ത ദിവസം, കനേഡിയൻ എംപി ജഗ്‌മീത് സിംഗിന്റെ ട്വിറ്റർ അക്കൗണ്ടിനും ഇന്ത്യയിൽ വിലക്ക് ഏൽപ്പെടുത്തി.
അതേസമയം, പഞ്ചാബ് പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അമൃത്പാൽ സിങ്ങിന്‍റെ കേസിൽ സുപ്രധാന വാദം ഇന്ന് ഹൈക്കോടതിയിൽ നടക്കും. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കേസിൽ പഞ്ചാബ് സർക്കാർ ഇന്ന് മറുപടി നൽകണം. മാർച്ച് 18 മുതലാണ് അമൃത്പാൽ സിങ്ങിനെ പിടികിട്ടാപ്പുള്ളിയായി പഞ്ചാബ് പൊലീസ് പ്രഖ്യാപിച്ചത്.