ന്യൂഡൽഹി:ജി20 ഉച്ചകോടിയ്‌ക്കായി (G20 Summit) ഇന്ത്യയിലെത്തുന്ന രാഷ്‌ട്രത്തലവന്മാരെ സ്വീകരിക്കാന്‍ വലിയ ഒരുക്കങ്ങളാണ് രാജ്യം നടത്തുന്നത്. ഇന്ന് വൈകിട്ടോടെ മിക്ക രാജ്യങ്ങളുടേയും തലവന്മാര്‍ ഡൽഹിയിലെത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 400 അതിഥികള്‍ക്കായി നാളെ രാഷ്ട്രപതി ഭവനിൽ ഒരുക്കുന്ന അത്താഴ വിരുന്നിൽ മൃദംഗം (Mridangam Performance In G20 Summit) വായിച്ച് അതിഥികളെ അമ്പരപ്പിക്കാനൊരുങ്ങുകയാണ് ഒരു 12കാരന്‍.
വി ദക്ഷ് ഭൂപതിയെന്ന കൊച്ചുമിടുക്കനാണ് മൃദംഗ വായന അവതരിപ്പിച്ച് അതിഥികളായെത്തുന്ന വിവിധ രാഷ്‌ട്രങ്ങളിലെ നേതാക്കളെ അമ്പരപ്പിക്കാനൊരുങ്ങുന്നത്. ഡൽഹി വസുന്ധര എൻക്ലേവിലെ സോമർവില്ലെ സ്‌കൂളിൽ എട്ടാം ക്ലാസുകാരനാണ് ഈ മിടുമിടുക്കന്‍. 12 വയസുള്ള ദക്ഷിന്‍റെ കലാപ്രകടനത്തിനായി രാജ്യം കാത്തിരിക്കുകയാണ്. ജി20 ഉച്ചകോടിയുടെ ഭാഗമാകാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് 12കാരന്‍ ഇടിവി ഭാരത് നെറ്റ്‌വര്‍ക്ക് പ്രതിനിധിയോട് പറഞ്ഞു. ഇതിനായി അവസരം തന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര സംഗീത നാടക അക്കാദമി ചെയർമാൻ, സെക്രട്ടറി, സ്‌കൂള്‍ പ്രിൻസിപ്പാള്‍, ഗുരു എന്നിവർക്കുള്ള നന്ദിയും ദക്ഷ് പറഞ്ഞു.
അത്താഴസമയത്താണ് സംഗീത കച്ചേരി നടക്കുക. മധുരമുള്ള ഭക്ഷണത്തോടൊപ്പം മധുരമൂറുന്ന സംഗീതം അവതരിപ്പിക്കാനാണ് ദക്ഷ് ഉള്‍പ്പെടുന്ന കലാകാരന്മാരുടെ ശ്രമം. രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 78 സംഗീതജ്ഞരാണ് ഈ പരിപാടിയില്‍ പങ്കെടുക്കുക. ഇതില്‍, ദക്ഷ് ഉൾപ്പെടെയുള്ള നിരവധി കലാകാരന്മാര്‍ കഴിഞ്ഞ ഒന്‍പത് ദിവസമായി പ്രഗതി മൈതാനത്തെ ഭാരത് മണ്ഡപത്തിൽ എല്ലാ ദിവസവും പരിശീലനം നടത്തുന്നുണ്ട്.