ബെംഗളൂരു :കര്‍ണാടകയില്‍ 17കാരിയെ ദുരഭിമാനത്തിന്‍റെ പേരില്‍ കൊലപ്പെടുത്തി പിതാവും ബന്ധുക്കളും. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആൺകുട്ടിയുമായി പ്രണയത്തിലായതിനെ തുടർന്നാണ് കൗമാരക്കാരിയെ കൊലപ്പെടുത്തിയത്. പിതാവിന് പുറമെ സഹോദരനും അമ്മാവനും ചേർന്നാണ് കുട്ടിയുടെ കഴുത്തില്‍ കയറിട്ടുമുറുക്കി കൊലപ്പെടുത്തിയത്.
പിതാവ് പരശുരാമൻ, സഹോദരന്‍ ശിവരാജു, അമ്മാവന്‍ തുക്കാറാം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. തുമകുരു എസ്‌പി രാഹുൽ കുമാർ ഷഹാപൂർവാദാണ് ഇക്കാര്യം ഇന്ന് മാധ്യമങ്ങളെ അറിയിച്ചത്. പെൺകുട്ടി പട്ടികവർഗത്തില്‍പ്പെട്ടതിനാല്‍ ജാതി മാറി പ്രണയിച്ചതാണ് കുടുംബത്തിന് പ്രകോപനമായത്. പഠനത്തിന്‍റെ ഭാഗമായി ഹോസ്റ്റലിൽ താമസിച്ചിരുന്ന സമയത്താണ് കൗമാരക്കാരനുമായി പെണ്‍കുട്ടി പ്രണയത്തിലായതെന്നും പൊലീസ് പറയുന്നു.
രണ്ടാഴ്‌ച മുന്‍പ് പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പരാതി നൽകിയിരുന്നു. എന്നാല്‍, പിന്നീട് മാതാപിതാക്കൾ കുട്ടിയെ കണ്ടുപിടിക്കുകയും തിരിച്ച് ജൂൺ ഒന്‍പതിന് വീട്ടിലേക്ക് കൊണ്ടുവരികയുമുണ്ടായി. വീട്ടുകാര്‍ നിര്‍ബന്ധിച്ചെങ്കിലും കൗമാരക്കാരനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ പെൺകുട്ടി സമ്മതിച്ചില്ല. തുടർന്ന്, പ്രതികൾ കുട്ടിയെ ബലംപ്രയോഗിച്ച് വിഷം കുടിപ്പിക്കാന്‍ ശ്രമിച്ചു. പെൺകുട്ടി എതിർത്തതോടെ പിതാവും സഹോദരനും അമ്മാവനും ചേർന്ന് കഴുത്തില്‍ കയർ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു.
കൗമാരക്കാരി വിഷം കഴിച്ചാണ് മരിച്ചതെന്നും അന്ത്യകർമങ്ങൾ നടത്തിയെന്നും വീട്ടുകാർ അവകാശപ്പെട്ടിരുന്നു. എന്നാൽ, സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ പരാതി നൽകിയതോടെയാണ് കുറ്റകൃത്യം പുറത്തായത്. ആത്മഹത്യയ്‌ക്കാണ് പൊലീസ് ആദ്യം കേസെടുത്തതെങ്കിലും അന്വേഷണത്തിനൊടുവിൽ കൊലപാതകം വ്യക്തമായതോടെയാണ് അറസ്റ്റുണ്ടായത്.
അടുത്തിടെ യുപിയിലും ദുരഭിമാനക്കൊല:സമാനമായ സംഭവം മെയ് ഏഴിന് ഉത്തര്‍പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. മറ്റൊരു സമുദായത്തിൽപ്പെട്ടതും വിവാഹിതനുമായ യുവാവിനെ കല്യാണം കഴിച്ചതിലുള്ള പകയില്‍ പെൺകുട്ടിയെ അമ്മാവൻ വെട്ടിക്കൊലപ്പെടുത്തിയതാണ് സംഭവം. ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മെയ് ആറിനാണ് സംഭവം.