അസാൻസോൾ (പശ്ചിമ ബംഗാൾ): കേന്ദ്രവും സംസ്ഥാന സർക്കാരുകളും വിവിധ തരത്തിലുള്ള നികുതി പൊതുജനങ്ങളിൽ നിന്ന് ഈടാക്കാറുണ്ട്. സർക്കാരുകളുടെ വരുമാന സ്രോതസ്സുകളിൽ പ്രധാനപ്പെട്ടതാണ് ഇത്തരത്തിൽ ഈടാക്കുന്ന നികുതി. സർക്കാരുകൾ ഗതാഗത മാർഗങ്ങളിലും വിവിധ തരത്തിലുള്ള നികുതികൾ ചുമത്താറുണ്ട്.
പശ്ചിമ ബംഗാളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്ക് ലോറികൾക്കും ട്രക്കുകൾക്കും ഏർപ്പെടുത്തുന്ന നികുതിയാണ് ഡണ്ഡ നികുതി. മറ്റ് സംസ്ഥാനങ്ങളിലെ ലോറികളും ട്രക്കുകളും പശ്ചിമ ബംഗാളിലേക്ക് കടക്കണമെങ്കിൽ ഡണ്ഡ നികുതി അടയ്ക്കണം. 3300 രൂപ മുതൽ 5000 രൂപ വരെയാണ് ഡണ്ഡ നികുതി.
ബംഗാൾ-ജാർഖണ്ഡ് അതിർത്തിയിൽ ഡണ്ഡ നികുതിയുടെ പേരിൽ വലിയ ബ്രോക്കർ റാക്കറ്റ് തന്നെ നിലവിലുണ്ട്. എംവിഐ ചെക്ക്പോസ്റ്റായ ദുബ്‌ഡി ചെക്ക്പോസ്റ്റിന് മുൻപ് ബംഗാൾ-ജാർഖണ്ഡ് അതിർത്തിയിലുള്ള ചെക്ക്പോസ്റ്റാണ് രാംപൂർ ചെക്ക്പോസ്റ്റ്. ഈ മേഖലയിലേക്ക് കടക്കുമ്പോൾ 'ഡണ്ഡ നികുതിക്ക് ഞങ്ങളെ ബന്ധപ്പെടുക' എന്ന് എഴുതിയിരിക്കുന്ന ബോർഡ് എല്ലാ വീടുകളിലും കടകളിലും കാണാൻ കഴിയും. റോഡ് നികുതിയുടെ പേരിൽ ഈ മേഖലയിൽ ബ്രോക്കർ റാക്കറ്റ് വളർന്നുവരികയാണ്.
ഭരണതലത്തിലുള്ള ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. എന്നാൽ ബ്രോക്കർമാർ വഴി ഡണ്ഡ നികുതി അടക്കുന്നതിനേക്കാൾ ചെലവ് വരും ചെക്ക്പോസ്റ്റ് വഴി നേരിട്ടുപോയാൽ എന്ന് ഡ്രൈവർമാർ പറയുന്നു. ദല്ലാൾ രാജിനെ പിന്തുണയ്ക്കാനാണ് എംവിഐ ഉദ്യോഗസ്ഥർ ഡണ്ഡ നികുതി സമ്പ്രദായം ഏർപ്പെടുത്തിയതെന്ന് പ്രാദേശിക ബിജെപി നേതൃത്വം ആരോപിക്കുന്നു.
മറ്റ് ഒരു സംസ്ഥാനത്തും ഇല്ലാത്ത നികുതിയാണ് ബംഗാളിൽ ഉള്ളതെന്ന് ഡ്രൈവർമാർ പറയുന്നു. സംസ്ഥാനത്ത് പ്രവേശിക്കുമ്പോൾ പണമായാണ് നികുതി അടയ്‌ക്കേണ്ടത്. പണമടക്കാനായി 12 മണിക്കൂറോളം ലോറികൾക്ക് കാത്തുകിടക്കേണ്ടി വരുന്നു.