ഹത്രാസ്:ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദേശീയപാത 93ല്‍ മിനി ട്രക്കും ട്രാക്‌ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് മരണം. സംഭവത്തില്‍ പത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയില്‍ ഹത്രാസിലെ രുഹേരി ഗ്രാമത്തിലാണ് അപകടം ഉണ്ടായത്.
പരിക്കേറ്റവരില്‍ നാലുപേരുടെ നില അതീവ ഗുരുതരമാണ്. വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ് പരിക്കേറ്റവര്‍. ആഗ്രയില്‍ നിന്ന് ഖന്ദൗലിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരായിരുന്നു ട്രക്കില്‍ ഉണ്ടായിരുന്നത്.
ചടങ്ങില്‍ പങ്കെടുത്ത് മടങ്ങും വഴിയാണ് അപകടം. പതിനെട്ട് പേര്‍ ട്രക്കില്‍ ഉണ്ടായിരുന്നതായാണ് പൊലീസ് നല്‍കുന്ന വിവരം. അപകട വിവരം ലഭിച്ചയുടന്‍ പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. ജില്ലയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തി പരിക്കേറ്റവരെ സന്ദര്‍ശിക്കുകയും ഇവരോട് അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്‌തു.
അപകടത്തില്‍ മരിച്ച നാലുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.