ഹമിർപൂർ (ഹിമാചല്‍ പ്രദേശ്):രാജ്യത്തെ ഏറ്റവും വലിയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിലെ ഉന്നത വിജയത്തോടെ വീടിനെയും നാടിനെയും അഭിമാനത്തിലേക്കുയര്‍ത്തി ഇരട്ടകുട്ടികള്‍. ഹിമാചല്‍ പ്രദേശ് ഹാമിർപൂർ ജില്ലയിലെ ട്രക്ക് ഡ്രൈവറായ കുശല്‍ കുമാറിന്‍റെ പെണ്‍മക്കളായ റിയയും സിയയുമാണ് നീറ്റ് യുജി 2022 പരീക്ഷ തങ്ങളുടെ കന്നി ശ്രമത്തില്‍ തന്നെ ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ചുകയറിയത്. നീറ്റ് പരീക്ഷയില്‍ സിയ 720ൽ 645 ഉം, റിയ 617 മാർക്കുമാണ് നേടിയത്. നീറ്റ് പരീക്ഷയുടെ ഫലം ഇന്നലെ (08.09.2022) പുറത്തുവന്നതോടെ നഡൗന്‍ സബ് ഡിവിഷനിലെ പുടിയാല്‍ ഗ്രാമപഞ്ചായത്ത് ഉത്സവ പ്രതീതിയിലുമാണ്.
ഇവരുടെ പിതാവ് കുശൽ കുമാർ ട്രോളി ട്രക്ക് ഓടിച്ചാണ് കുടുംബം പുലര്‍ത്തുന്നത്. ഹമിർപൂരിലെ കേന്ദ്രീയ വിദ്യാലയത്തില്‍ നിന്ന് പ്ലസ് ടു പാസായ സഹോദരിമാരും തുടക്കം മുതലേ പഠനത്തിൽ മുന്നിലായിരുന്നു. അതുകൊണ്ടുതന്നെ കുശൽ കുമാർ തന്റെ പെൺമക്കളുടെ വിദ്യാഭ്യാസത്തിൽ വിട്ടുവീഴ്‌ചക്കും തയ്യാറായിരുന്നില്ല. തിരിച്ച് പെൺമക്കള്‍ തങ്ങളുടെ അച്ഛന്റെ കഠിനാധ്വാനവും സഫലമാക്കി. സ്കൂള്‍ കാലഘട്ടം മുതല്‍ തന്നെ രണ്ട് സഹോദരിമാരും ഡോക്‌ടറാകാനാണ് സ്വപ്നം കണ്ടത്. ഇത് മനസിലാക്കിയ കുശല്‍ കുമാര്‍ മക്കളെയും മുഴുവൻ സമയവും പഠിക്കാൻ പ്രചോദിപ്പിക്കുകയും, അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ രാവും പകലും കഠിനമായി അധ്വാനിക്കുകയും ചെയ്‌തു.
Also Read: പരീക്ഷ എഴുതിയ നാലുപേര്‍ക്കും ഒരേ മാര്‍ക്ക്, എന്നിട്ടും തനിഷ്‌ക ടോപ്പര്‍; നീറ്റ് പരീക്ഷയിലെ കണക്കിന്‍റെ കളികള്‍ ഇങ്ങനെ
അതേസമയം, തങ്ങളുടെ തിളക്കമാര്‍ന്ന വിജയത്തിന്റെ ക്രെഡിറ്റ് റിയയും സിയയും അധ്യാപകർക്കും മാതാപിതാക്കൾക്കുമാണ് നൽകുന്നത്. എന്നാല്‍ കുശലാകട്ടെ വിജയത്തിന്‍റെ പൂര്‍ണമായ അംഗീകാരങ്ങളും മക്കളുടെ കഠിനാധ്വാനത്തിനാണ് നൽകുന്നത്. ഇരട്ടസഹോദരിമാരായ ഇരുവരും ഗ്രാമത്തിനും സംസ്ഥാനത്തിനുമായി നേട്ടങ്ങൾ കൈവരിച്ചുവെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സഞ്ജീവ് കുമാർ പറഞ്ഞു. ഇന്ന് ഈ രണ്ട് പെണ്‍കുട്ടികളും സംസ്ഥാനത്തുടനീളം ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നും ഗ്രാമത്തിന്റെ പേര് പോലും അവരുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നീറ്റിന്‍റെ യുജി പരീക്ഷയില്‍ ഇത്തവണ 720-ൽ 687 മാർക്ക് നേടിയ ഷിംല സ്വദേശി ആദിത്യ രാജാണ് ഹിമാചലിൽ ഒന്നാം സ്ഥാനത്തെത്തിയത്. 95 ശതമാനത്തിലധികം മാർക്കോടെ വിജയിച്ച ആദിത്യ രാജ് അഖിലേന്ത്യാ റാങ്കിങില്‍ 409-ാം സ്ഥാനത്താണ്. ന്യൂറോ സർജനാകാനാണ് ആദിത്യയുടെ ആഗ്രഹം. അതേസമയം, രാജ്യത്തെ 3,750 കേന്ദ്രങ്ങളിലായാണ് ജൂലൈ 17 ന് നീറ്റ് യുജി പരീക്ഷ നടന്നത്. 18 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ ഈ പരീക്ഷയ്ക്കായി രജിസ്‌റ്റർ ചെയ്തിരുന്നെങ്കിലും 16 ലക്ഷത്തിലധികം പേർ മാത്രമാണ് പരീക്ഷ എഴുതിയത്. ഇതില്‍ 9773 പേരാണ് ഹിമാചലിൽ നിന്ന് പരീക്ഷയെഴുതിയത്. ഹരിയാന സ്വദേശിയായ രാജസ്ഥാന്റെ തനിഷ്‌കയാണ് മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. ഡൽഹിയുടെ വത്സ ആശിഷ് ബത്ര രണ്ടും, കർണാടകയിൽ നിന്നുള്ള ഹൃഷികേശ് നാഗ്‌ഭൂഷൺ ഗാംഗുലെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.