ബക്‌സർ (ബിഹാർ):ബിഹാറിലെ ബക്‌സറിൽ വനിത കോൺസ്റ്റബിൾ അമൃത കുമാരിക്ക് ട്രക്ക് ഡ്രൈവറെ മർദിച്ചതിന്‍റെ പേരിൽ സസ്‌പെൻഷൻ. പൊലീസ് സൂപ്രണ്ട് (എസ്‌പി) മനീഷ് കുമാറാണ് അമൃത കുമാരിയെ സസ്പെൻഡ് ചെയ്‌തത് (truck driver assaulted by female constable). ഇൻഡസ്ട്രിയൽ പൊലീസ് ഏരിയയിലെ സിൻഡിക്കേറ്റ് ഗോലാംബറിൽവച്ച് നോ എൻട്രി സോണിലേക്ക് പ്രവേശിച്ചതിന് ട്രക്ക് ഡ്രൈറായ ഓം പ്രകാശ് യാദവിനെ അമൃത കുമാരി മർദിക്കുകയായിരുന്നു. മർദിക്കുന്ന ദൃശ്യങ്ങൾ സംഭവം കണ്ട് നിന്നവർ ചിത്രീകരിച്ചിരുന്നു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് അമൃത കുമാരിക്കെതിരെ പൊലീസ് നടപടി എടുത്തത്.
ട്രക്ക് ഡ്രൈറായ ഓം പ്രകാശ് യാദവ് പറയുന്നതനുസരിച്ച്, നോ എൻട്രി മേഖലയെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലായിരുന്നു. കോൺസ്റ്റബിൾ അറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ വാഹനം അവിടെ നിന്ന് മാറ്റാന്‍ ശ്രമിച്ചു. അവരുടെ നിർദേശങ്ങളെല്ലാം പാലിച്ചിട്ടും, കോൺസ്റ്റബിളിന്‍റെ കഠിനമായ മർദനത്തിന് താൻ ഇരയായി. മര്‍ദനത്തില്‍ തനിക്ക് പരിക്കുകൾ സംഭവിച്ചുവെന്ന് പറഞ്ഞാണ് യാദവ് സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. കൂടാതെ നോ എന്‍ട്രി മേഖലയിലേക്ക് മനപ്പൂർവം പ്രവേശിച്ചതല്ല എന്നും നിരപരാധിത്വം തെളിയിക്കാൻ നടന്ന സംഭവവും വീഡിയോക്കൊപ്പം വിശദീകരിക്കുകയും ചെയ്‌തു.