ഭരത്പൂർ (രാജസ്ഥാന്‍) :റോഡരികിൽ നിർത്തിയിട്ട ബസിൽ ട്രക്ക് ഇടിച്ചുകയറി 11 മരണം. 12 യാത്രക്കാർക്ക് പരിക്കേറ്റതായാണ് വിവരം. രാജസ്ഥാനിലെ ഭരത്പൂരിലെ നദ്ബായിയിലാണ് ദാരുണമായ അപകടം നടന്നത് (Truck-Bus Collision In Rajasthan). ഗുജറാത്തിൽ നിന്ന് മഥുരയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ബസ് ഹൈവേയിൽ നിർത്തിയ സമയത്ത് പിന്നിൽ നിന്ന് അമിതവേഗതയിലെത്തിയ ട്രക്ക് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
പുലർച്ചെ അഞ്ച് മണിയോടെ ജയ്‌പൂർ-ആഗ്ര ദേശീയ പാതയിലെ ഹാൻത്ര പാലത്തിലാണ് സംഭവം. പരിക്കേറ്റവരെ ഭരത്‌പൂർ ജില്ല ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണപ്പെട്ടവരിൽ ആറ് സ്‌ത്രീകളും അഞ്ച് പുരുഷന്മാരുമാണ് ഉള്ളത്. അപകടത്തിൽ മരിച്ചവരെല്ലാം ഭാവ്‌നഗർ സ്വദേശികളാണ്.
'ഗുജറാത്തിലെ ഭാവ്‌നഗറിൽ നിന്ന് ജയ്‌പൂർ, ഭരത്പൂർ വഴി ഉത്തർപ്രദേശിലെ മഥുരയിലേക്ക് പോകുകയായിരുന്നു. അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ബസ് ഹൈവേയിൽ നിർത്തിയിട്ടിരുന്നു. അപകടം നടക്കുമ്പോൾ കുറച്ച് യാത്രക്കാർ ബസിലുണ്ടായിരുന്നു, ചിലർ പുറത്ത് നിൽക്കുകയായിരുന്നു' -ഭരത്പൂർ പൊലീസ് സൂപ്രണ്ട് മൃദുൽ കചവ മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും പരിക്കേറ്റവരെ ഭരത്പൂർ ജില്ലയിലെ ആർബിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും എസ്‌പി കൂട്ടിച്ചേർത്തു.