ഹൈദരാബാദ്:തെലങ്കാനയില്‍ ടിആര്‍എസുമായി കൈകോര്‍ത്ത് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്‍റെ ഉടമസ്ഥതയിലുള്ള ഐ-പാക്ക്. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുമായുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് തീരുമാനം. പ്രശാന്ത് കിഷോർ കോണ്‍ഗ്രസിലേക്കെന്ന അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ കൂടികാഴ്‌ച നടത്തിയത്.
തെലങ്കാന രാഷ്‌ട്ര സമിതി ഐ-പാക്കുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതോടെ 2023 ല്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ടിആര്‍എസും കോണ്‍ഗ്രസും ഒറ്റക്കെട്ടായി മത്സരിക്കുമെന്ന് ആരോപിച്ച് പ്രതിപക്ഷമായ ബിജെപിയും രംഗത്തെത്തി. പ്രശാന്ത് കിഷോറിനൊപ്പമല്ല, ഐ-പാക്കുമായി ചേർന്നാണ് ടിആർഎസ് പ്രവർത്തിക്കുന്നതെന്ന് സംഘടന വര്‍ക്കിംഗ് പ്രസിഡന്‍റ് കെടി രാമറാവു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രശാന്തിന് നിലവില്‍ ഐ-പാക്കുമായി ബന്ധങ്ങളൊന്നുമില്ലെന്നാണ് ടിആര്‍എസിന്‍റെ അവകാശവാദം.
പുതിയ നീക്കത്തിലൂടെ സംസ്ഥാനത്തെ യുവാക്കളായ വോട്ടര്‍മാരിലേക്ക് കൂടുതല്‍ എത്താന്‍ പാര്‍ട്ടി ശ്രമിക്കുമെന്ന് ടിആര്‍എസ് ഔദ്യോഗിക വൃത്തങ്ങള്‍ വിശദമാക്കി. മൂന്ന് ദിവസത്തോളം നീണ്ട് നിന്ന യോഗത്തില്‍ തെലങ്കാനയിലെ നിലവിലെ രാഷ്‌ട്രീയ സാഹചര്യം ഉള്‍പ്പടെയുള്ള കാര്യങ്ങളാണ് ചര്‍ച്ചയായത്. തെലങ്കാനയില്‍ ഐ പാക്ക് സംഘം നടത്തിയ സര്‍വേ ഫലങ്ങളും പ്രശാന്ത് കിഷോര്‍ കെസിആറിന് മുന്‍പില്‍ അവതരിപ്പിച്ചതായും സൂചനകളുണ്ട്.