ഹൈദരാബാദ്:ദേശീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് മുന്‍പായി വിമാനം വാങ്ങാനൊരുങ്ങി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു (കെസിആര്‍). ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക യാത്രകള്‍ കാര്യക്ഷമമായി നടത്താനാണ് വിമാനം വാങ്ങുന്നതെന്ന് ടിആര്‍എസ് വൃത്തങ്ങള്‍ അറിയിച്ചു. 12 സീറ്റുള്ള 80 കോടിയുടെ എയര്‍ക്രാഫ്‌റ്റിനാണ് തെലങ്കാന രാഷ്‌ട്ര സമിതി ഓര്‍ഡര്‍ ചെയ്‌തത്.
വ്യാഴാഴ്‌ച (സെപ്‌റ്റംബര്‍ 30) ചേർന്ന പാര്‍ട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച കാര്യത്തിൽ തീരുമാനമായത്. ദേശീയ തലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കെസിആർ ഇതിനകം തന്നെ വിവിധ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തിയിട്ടുണ്ട്. ദേശീയ പാർട്ടി രൂപീകരിച്ച ശേഷം രാജ്യത്തുടനീളമുള്ള പര്യടനം കൂടുതൽ ശക്തിപ്പെടുത്താനാണ് നീക്കം.