കേരളം

kerala

ETV Bharat / bharat

ടിആര്‍എസ് 'ഭാരത രാഷ്‌ട്ര സമിതി'യായേക്കും ; ദേശീയ പാർട്ടി പ്രഖ്യാപനം വിജയദശമി ദിനത്തിൽ

പാർട്ടി ആസ്ഥാനമായ തെലങ്കാന ഭവനിൽ ബുധനാഴ്‌ച ചേരുന്ന ടിആർഎസ് ജനറൽ ബോഡി യോഗം പേര് മാറ്റുന്നത് സംബന്ധിച്ച് പ്രമേയം പാസാക്കും

TRS likely to be renamed Bharata Rashtra Samiti  ഭാരത രാഷ്‌ട്ര സമിതി  ദേശീയ രാഷ്‌ട്രീയത്തിൽ ചുവടുറപ്പിക്കാൻ കെസിആർ  തെലങ്കാന രാഷ്‌ട്ര സമിതി  ചന്ദ്രശേഖർ റാവു  പേര് മാറ്റാനൊരുങ്ങി തെലങ്കാന രാഷ്‌ട്ര സമിതി  കെസിആർ  KCR  Telangana Rashtra Samiti  Bharata Rashtra Samiti  TRS TO NATIONAL POLITICS
തെലങ്കാന രാഷ്‌ട്ര സമിതി 'ഭാരത രാഷ്‌ട്ര സമിതി'യായേക്കും; ദേശീയ പാർട്ടി പ്രഖ്യാപനം വിജയദശമി ദിനത്തിൽ

By

Published : Oct 4, 2022, 7:42 PM IST

ഹൈദരാബാദ് : 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ രാഷ്‌ട്രീയത്തിലേക്ക് ചുവടുമാറ്റാൻ ഒരുങ്ങുകയാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്‌ട്ര സമിതി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യ എതിരാളിയാവുക എന്ന ലക്ഷ്യത്തോടെ പാർട്ടിയെ വിജയദശമി ദിനത്തിൽ പുനർനാമകരണം ചെയ്‌ത് ദേശീയ പാർട്ടിയാക്കുമെന്ന് ചന്ദ്രശേഖർ റാവു നേരത്തെ പ്രഖ്യാപിച്ചിരുന്നു.

തെലങ്കാന രാഷ്‌ട്ര സമിതിയെ 'ഭാരത രാഷ്‌ട്ര സമിതി' എന്ന പേരിൽ പുനർനാമകരണം ചെയ്യുമെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. പാർട്ടി ആസ്ഥാനമായ തെലങ്കാന ഭവനിൽ ബുധനാഴ്‌ച ചേരുന്ന ടിആർഎസ് ജനറൽ ബോഡി യോഗം പേര് മാറ്റുന്നത് സംബന്ധിച്ച് പ്രമേയം പാസാക്കും. പേരുമാറ്റം തെരഞ്ഞെടുപ്പ് കമ്മിഷനെ ഇ-മെയിൽ വഴിയും ഒക്‌ടോബർ ആറിന് നേരിട്ടും അറിയിക്കും.

കൂടാതെ ജനപ്രാതിനിധ്യ നിയമത്തിനും പ്രസക്തമായ ചട്ടങ്ങൾക്കും അനുസരിച്ചുള്ള മാറ്റവും തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കും. പാർട്ടിയെ ദേശീയ ശക്തിയായി ഉയർത്തുന്നതിന്‍റെ ഭാഗമായി സർക്കാരിന്‍റെ ക്ഷേമ പദ്ധതികൾ രാജ്യത്തുടനീളം എത്തിക്കുമെന്നും അതിലൂടെ ജനങ്ങളിലേക്ക് എത്തിച്ചേരുമെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.

Also Read:മദ്യവും കോഴിയും; ദേശീയ പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്‍പ് ടിആര്‍എസിന്‍റെ 'ദസറ സമ്മാനം', രൂക്ഷ വിമര്‍ശനം

അതേസമയം കർഷകർക്കായി 'ഋതു ബന്ധു' പിന്തുണ പദ്ധതി, 'ദലിത് ബന്ധു' (ദലിത് കുടുംബത്തിന് ഏതെങ്കിലും വ്യവസായമോ വ്യാപാരമോ ആരംഭിക്കുന്നതിന് 10 ലക്ഷം രൂപ ഗ്രാന്‍ഡ്) തുടങ്ങി തെലങ്കാനയിൽ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപി ഇതര സർക്കാർ അധികാരത്തിൽ വന്നാൽ രാജ്യത്തുടനീളമുള്ള കർഷകർക്ക് സൗജന്യ വൈദ്യുതി വിതരണം ചെയ്യാന്‍ ഇടപെടുമെന്ന് നേരത്തെ കെസിആർ പ്രഖ്യാപിച്ചിരുന്നു.

ABOUT THE AUTHOR

...view details