ഹൈദരാബാദ്: ഹൈദരാബാദിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്‌ത തെലങ്കാന രാഷ്‌ട്രീയ സമിതി (ടിആർഎസ്) നേതാവ് ഗോസുല ശ്രീനിവാസിന്‍റെ കാര്‍ നശിപ്പിച്ചതായി പരാതി. ഹൈദരാബാദ് വിമോചന ദിന ആഘോഷത്തിൽ പങ്കെടുക്കാൻ ശനിയാഴ്‌ച(17.09.2022) നഗരത്തിലെത്തിയ അമിത് ഷായുടെ വാഹനവ്യൂഹം തെലങ്കാന ടൂറിസം ഹോട്ടലിൽ നിര്‍ത്തിയിട്ട സമയത്താണ് വാഹനത്തിന് മുന്നിലായി ഗോസുല ശ്രീനിവാസിന്‍റെ കാര്‍ പാര്‍ക്ക് ചെയ്‌തത്.
അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്‌ത ടിആർഎസ് നേതാവിന്‍റെ കാര്‍ നശിപ്പിച്ചതായി പരാതി - ടിആർഎസ്
ഹൈദരാബാദ് വിമോചന ദിന ആഘോഷത്തിൽ പങ്കെടുക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ആഘോഷിക്കുന്നതിനുമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഹൈദരാബാദില്‍ എത്തിയത്. കാറിന് കേടുപാടുകള്‍ സംഭവിച്ചതായി ടിആർഎസ് നേതാവ് പരാതി പെട്ടതോടെ വിശദമായ അന്വേഷണത്തിന് ബിജെപി എംപി കെ ലക്ഷ്‌മൺ ഉത്തരവിട്ടു
ആഭ്യന്തര മന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥര്‍ തന്‍റെ കാര്‍ അവിടെ നിന്ന് മാറ്റിയപ്പോഴാണ് വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചത് എന്ന് ശ്രീനിവാസ് പറഞ്ഞു. സംഭവം വാര്‍ത്തയായതോടെ വിശദമായ അന്വേഷണത്തിന് ബിജെപി എംപി കെ ലക്ഷ്‌മൺ ഉത്തരവിട്ടു. കാര്‍ പാര്‍ക്ക് ചെയ്‌ത സ്ഥലത്തു നിന്നും ശരിയായ രീതിയില്‍ നീക്കാന്‍ സാധിക്കാത്തതിനാലാണ് തകരാര്‍ സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.
1948 സെപ്‌റ്റംബർ 17-ന് നൈസാം ഭരണത്തിൻ കീഴിലുള്ള പഴയ ഹൈദരാബാദ് സംസ്ഥാനം ഇന്ത്യൻ യൂണിയനുമായി ലയിച്ചതിന്‍റെ സ്‌മരണയ്‌ക്കായി ഹൈദരാബാദ് വിമോചന ദിനാചരണത്തിന് തുടക്കം കുറിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച 'സേവാ കാര്യക്രമ'ത്തിൽ പങ്കെടുക്കാനുമാണ് അമിത് ഷാ ഹൈദരാബാദിലെത്തിയത്. സന്ദർശന വേളയിൽ സർക്കാർ സ്‌കൂളുകളിലും കമ്മ്യൂണിറ്റി ഹോസ്റ്റലുകളിലും ശൗചാലയം വൃത്തിയാക്കുന്നതിനുള്ള മെഷീനുകളും ആഭ്യന്തരമന്ത്രി വിതരണം ചെയ്‌തു.