ഹൈദരാബാദ്:തെലങ്കാന രാഷ്‌ട്ര സമിതി വാഗ്‌ദാനങ്ങൾ പാലിക്കാൻ പരാജയപ്പെട്ടെന്നും ഹൈദരാബാദിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയ സഹമന്ത്രി ജി കിഷൻ റെഡ്ഡി. ബിജെപി ജനങ്ങളോട് ചേർന്ന് നിന്നാണ് പ്രവർത്തിക്കുന്നതെന്നും വരാനിരിക്കുന്ന ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിക്കൊപ്പമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ടി.ആർ.എസിനെതിരെ ആരോപണവുമായി കേന്ദ്ര സഹമന്ത്രി ജി കിഷൻ റെഡ്ഡി
ടിആർഎസ് ജനങ്ങൾക്ക് നൽകിയ തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ പാലിച്ചില്ലെന്നും ജനങ്ങളെ മണ്ടന്മാരാക്കുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി.
നഗരത്തിലെ എല്ലാ ദരിദ്രർക്കും ഡബിൾ ബെഡ്‌റൂം ഫ്ലാറ്റ് നൽകുമെന്ന് 2016ൽ ടിആർഎസ് പ്രകടന പത്രികയിൽ പറഞ്ഞിരുന്നു. വാഗ്‌ദാനങ്ങൾക്ക് അഞ്ച് വർഷം പിന്നിട്ടെന്നും ഇതുവരെ ഒന്നും നടപ്പാക്കിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ടിആർഎസ് നേതാക്കൾക്ക് മുന്നിൽ വിഷയം അവതരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്ററുകൾ സ്ഥാപിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ടിആർഎസ് ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ ഹൈദരാബാദിന്‍റെ വികസനത്തിനായി പ്രവർത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസംബർ ഒന്നിനാണ് ജിഎച്ച്എംസി തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ നാലിന് വോട്ടെണ്ണലും നടക്കും.