ഹൈദരാബാദ്:തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് (തെലങ്കാന രാഷ്‌ട്ര സമിതി) പാര്‍ട്ടി സ്ഥാപകനുമായ കെ ചന്ദ്രശേഖര്‍ റാവു, മകനും വ്യവസായ മന്ത്രിയുമായ കെടി രാമറാവു എന്നിവരുടെ പൂമാലയിട്ട വലിയ കട്ടൗട്ട്. അതിന് താഴെ നിരത്തിവച്ച മദ്യക്കുപ്പികളും, കോഴികളും. ക്യൂ പാലിച്ചു നില്‍ക്കുന്ന ഇരുന്നൂറിലധികം ആളുകള്‍ക്ക് മദ്യവും കോഴിയും വിതരണം ചെയ്യുകയാണ് ടിആർഎസിന്‍റെ പ്രാദേശിക നേതാക്കൾ.
മദ്യവും കോഴിയും; ദേശീയ പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്‍പ് ടിആര്‍എസിന്‍റെ 'ദസറ സമ്മാനം', രൂക്ഷ വിമര്‍ശനം - ടിആര്‍എസ് ദേശീയ പാര്‍ട്ടി പ്രഖ്യാപനം
ഒക്‌ടോബര്‍ അഞ്ച് ദസറ ദിനത്തിലാണ് ടിആര്‍എസ് ദേശീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നത്. ഇതിന് മുന്നോടിയായാണ് മുഖ്യമന്ത്രി കെസിആര്‍, വ്യവസായ മന്ത്രി കെടിആര്‍ എന്നിവരുടെ കട്ടൗട്ടുകള്‍ വച്ച് പാര്‍ട്ടി നേതാവ് മദ്യവും കോഴിയും വിതരണം ചെയ്യുന്നത്.
തെലങ്കാനയിലെ വാറങ്കലില്‍ നിന്നുള്ള ഈ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒപ്പം, രൂക്ഷമായ വിമര്‍ശനവും ഇതിനെതിരെ ഉയരുന്നുണ്ട്. ഒക്‌ടോബര്‍ അഞ്ച് ദസറ ദിനത്തില്‍ തെലങ്കാന രാഷ്‌ട്ര സമിതിയുടെ ദേശീയ പാര്‍ട്ടി പ്രഖ്യാപനമുണ്ടാവുമെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ വാറങ്കലിലെ ടിആർഎസ് നേതാവ് രജനാല ശ്രീഹരിയാണ് വാറങ്കലിലെ ചുമുട്ടുതൊഴിലാളികള്‍ക്ക് 'ദസറ സമ്മാനം' വിതരണം ചെയ്‌തത്.
ഭരണകക്ഷി തന്നെ സൗജന്യ മദ്യവിതരണം നടത്തുന്നതിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. എന്നാല്‍ 'ദസറ' സമ്മാനമായി ചുമട്ടുതൊഴിലാളികൾക്ക് മദ്യവും കോഴിയും വിതരണം ചെയ്യുന്നതിൽ തെറ്റില്ലെന്ന് ടിആര്‍എസ് നേതാവ് ഉറച്ചുപറയുന്നു. ദേശീയ പാർട്ടി പ്രഖ്യാപിക്കാനുള്ള മുഖ്യമന്ത്രി കെസിആറിന്‍റെ തീരുമാനത്തിൽ അതിയായ സന്തോഷമുണ്ട്. അദ്ദേഹം ദേശീയ രാഷ്‌ട്രീയത്തിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിക്കുമെന്നും രജനാല ശ്രീഹരി മാധ്യമങ്ങളോട് പറഞ്ഞു.