രാജ്യത്തിന്‍റെ പേര് 'ഇന്ത്യ' എന്നതിന് പകരം 'ഭാരത്' എന്നാക്കി മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ അനുകൂലിച്ച നടന്‍ ഉണ്ണി മുകുന്ദനെതിരെ (Unni Mukundan) സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ പ്രതികരിച്ച ഉണ്ണി മുകുന്ദന്‍റെ പോസ്‌റ്റിന് താഴെ നിരവധി കമന്‍റുകളാണ് നടനെതിരെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിനെതിരെ ട്രോളുകളും ഉയരുന്നുണ്ട് (Trolls On Unni Mukundan's Facebook Post).
രാജ്യത്തിന്‍റെ പേര് ഭാരത് എന്നാക്കി മാറ്റിയേക്കാവുന്ന ദേശീയ മാധ്യമ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് 'കാത്തിരിക്കാന്‍ വയ്യ' എന്നാണ് ഉണ്ണി മുകന്ദന്‍ ഒരു പോസ്‌റ്റില്‍ കുറിച്ചത്. മറ്റൊരു പോസ്‌റ്റില്‍ എന്‍റെ ഭാരതം എന്നര്‍ത്ഥം വരുന്ന 'മേരാ ഭാരത്' എന്നും താരം കുറിച്ചു.
'ഉണ്ണികൾ ആവുമ്പോ എന്തേലുമൊക്കെ പറഞ്ഞു കൊണ്ടിരിക്കും മുതിരുമ്പോൾ ബുദ്ധി ഉറയ്‌ക്കുമ്പോൾ മാറിക്കോളും.' -ഇപ്രകാരമാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. 'അടുത്തത് ദേശീയ പതാക കാവി ആക്കും' -മറ്റൊരാള്‍ കുറിച്ചു. 'അതിലും നല്ലത് ചാണക് എന്നല്ലേ', 'മാളികപ്പുറം അപ്പൊ നാഷണൽ അവാർഡ് തൂക്കും', 'അടുത്ത നാഷണൽ അവാർഡ് ഉണ്ണിയേട്ടന്' -തുടങ്ങി നിരവധി കമന്‍റുകളാണ് നടനെതിരെ ഫേസ്‌ബുക്കില്‍ ഉയരുന്നത്. അതേസമയം ഉണ്ണി മുകുന്ദനെ അനുകൂലിച്ചും ഒരു കൂട്ടര്‍ രംഗത്തെത്തിയിട്ടുണ്ട്.
ഡല്‍ഹിയില്‍ സെപ്‌റ്റംബര്‍ 9ന് ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്‌ട്ര തലവന്‍മാര്‍ക്കുള്ള ക്ഷണക്കത്തില്‍ 'ഇന്ത്യന്‍ രാഷ്‌ട്രപതി' എന്നതിന് പകരം 'പ്രസിഡന്‍റ് ഓഫ് ഭാരത്' എന്ന് രേഖപ്പെടുത്തിയത് മാധ്യമ വാര്‍ത്തയായ സാഹചര്യത്തിലാണ് ഉണ്ണി മുകുന്ദന്‍റെ പോസ്‌റ്റ് എന്നതും ശ്രദ്ധേയം. ഇതിന് മുമ്പ് ഒരിക്കല്‍ പോലും ഔദ്യോഗിക രേഖകളില്‍ രാഷ്‌ട്രപതിയുടെ പേര് ഇത്തരത്തില്‍ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. സെപ്‌റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി മാറ്റുമെന്നാണ് സൂചന.
Also Read:Jai Ganesh Title Video : മാളികപ്പുറത്തിന് ശേഷം ജയ് ഗണേഷ് ; പുതിയ ചിത്രം പ്രഖ്യാപിച്ച് ഉണ്ണി മുകുന്ദന്‍
അതേസമയം 'ജയ് ഗണേഷ്' (Jai Ganesh) ആണ് ഉണ്ണി മുകുന്ദന്‍റെ പുതിയ ചിത്രം. ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ (Ranjith Sankar) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജയ് ഗണേഷ്' (Jai Ganesh). നവംബര്‍ ഒന്നിന് 'ജയ് ഗണേഷി'ന്‍റെ ചിത്രീകരണം ആരംഭിക്കും. 'ജയ് ഗണേഷി'ന്‍റെ ടൈറ്റില്‍ പ്രഖ്യാപന വീഡിയോ (Jai Ganesh title announcement video) പുറത്തുവിട്ടതിന് പിന്നാലെ നിരവധി പേര്‍ സിനിമയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.
സമീപ കാലത്തെ ഗണേശ വിവാദങ്ങളുമായി ബന്ധപ്പെടുത്തിയുള്ള കമന്‍റുകളുമായാണ് ആളുകള്‍ രംഗത്തെത്തിയത്. കമന്‍റുകള്‍ അതിരുകടന്നപ്പോള്‍ മറുപടി നല്‍കി സംവിധായകന്‍ രഞ്‌ജിത്ത് ശങ്കറും രംഗത്തെത്തി. മിത്ത് വിവാദവുമായി തന്‍റെ പുതിയ ചിത്രം 'ജയ് ഗണേഷി'ന് യാതൊരു ബന്ധവും ഇല്ലെന്ന് സംവിധായകന്‍ വ്യക്തമാക്കി. ഒരു മാസം മുമ്പ് തന്നെ സിനിമയുടെ പേര്, തങ്ങള്‍ രജിസ്‌റ്റര്‍ ചെയ്‌തിരുന്നുവെന്നും രഞ്‌ജിത്ത് ശങ്കര്‍ അറിയിച്ചു. കേരള ഫിലിം ചേംബറിൽ 'ജയ് ഗണേഷ്' ടൈറ്റിൽ രജിസ്‌റ്റർ ചെയ്‌തതിന്‍റെ തെളിവും സംവിധായകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
ഗണപതി ആയാണ് 'ജയ് ഗണേഷി'ല്‍ ഉണ്ണി മുകുന്ദന്‍ എത്തുന്നത്. 'മാളികപ്പുറം' (Malikappuram) എന്ന ഹിറ്റ് സിനിമയ്‌ക്ക് ശേഷമുള്ള ഉണ്ണി മുകുന്ദന്‍റെ പുതിയ ചിത്രം കൂടിയാണിത്. 'ജയ് ഗണേഷി'ന് വേണ്ടി നാളേറെയായി താനൊരു നായകനെ തിരുകയായിരുന്നുവെന്ന് സംവിധായകന്‍ അടുത്തിടെ പറഞ്ഞിരുന്നു. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് രഞ്ജിത് ഇക്കാര്യം വ്യക്തമാക്കിയത്.
'ജയ് ഗണേഷ് രചിച്ച ശേഷം ഞാനൊരു നടനെ തെരയുകയായിരുന്നു. 'മാളികപ്പുറം' എന്ന സിനിമയ്‌ക്ക് ശേഷം ഏഴ് മാസത്തോളം ചിത്രീകരണം ഒന്നുമില്ലാതിരുന്ന ഉണ്ണി മുകുന്ദന്‍ ശരിയായൊരു തിരക്കഥയ്‌ക്കായി കാത്തിരിക്കുക ആയിരുന്നു. ഞങ്ങൾ 'ജയ് ഗണേഷി'നെ കുറിച്ച് ചർച്ച ചെയ്‌തു. അദ്ദേഹത്തിന് തിരക്കഥ ഇഷ്‌ടമായി. ഞാൻ എന്‍റെ നടനെ കണ്ടെത്തി. ഞങ്ങൾ ഇരുവരും ചേര്‍ന്നാണ് സിനിമ നിര്‍മിക്കുക. ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ ഒരു യാത്ര ആയിരിക്കും ഇത്. ഈ യാത്രയുടെ ഓരോ ഘട്ടവും ഞങ്ങൾ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു' - ഇപ്രകാരമാണ് രഞ്ജിത് ശങ്കര്‍ കുറിച്ചത്.
Also Read:Unni Mukundan Facebook post 'എല്ലാ പ്രതീക്ഷകളും തകർന്നു, വിഷ്‌ണു ബോധം കെട്ട് വീണു, ഒടുവില്‍ 56 സെന്‍റ് പണയം വച്ചു': ഉണ്ണി മുകുന്ദന്‍