ന്യൂഡല്‍ഹി: സമൂഹത്തിന്‍റെ അടിസ്ഥാനശിലകളില്‍ ഒന്നായ സത്യത്തെ ഇല്ലാതാക്കുകയാണ് വ്യാജ വാര്‍ത്തകളുടെ ലക്ഷ്യമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. ട്രോള്‍ ആര്‍മികളും സംഘടിതമായ സാമൂഹ്യമാധ്യമ പ്രചാരണങ്ങളും സത്യത്തെ ഇല്ലായ്മ ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരമ്പരാഗത ആവിഷ്ക്കാര സ്വാതന്ത്ര്യ സിദ്ധാന്തങ്ങള്‍ ഇപ്പോഴത്തെ വ്യാജ വസ്തുകളെ സംരക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പതിനാലാമത് താര്‍ക്കുണ്ടെ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു ചീഫ് ജസ്റ്റിസ്. ഡിജിറ്റല്‍ യുഗത്തില്‍ പൗരാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക, സ്വകാര്യ, നിരീക്ഷണ, ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. നേരത്തെ പൗരാവകാശപോരാട്ടങ്ങളില്‍ ഏറെ നിര്‍ണായകമായ ഒന്നായിരുന്നു ആവിഷ്ക്കാര സ്വാതന്ത്ര്യമെന്നും ചന്ദ്രചൂഢ് ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ തങ്ങളുടെ പൗരാവകാശങ്ങളെ തടയിടുമോ എന്ന ആശങ്കയാണ് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് ഇത്രയേറെ പ്രാധാന്യം കൈവരാന്‍ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ വിവിധ സാമൂഹ്യമാധ്യമങ്ങളുടെയും ട്രോള്‍ ആര്‍മിയുടെയും തള്ളിക്കയറ്റത്തില്‍ ഇതേ ആവിഷ്ക്കാര സ്വാതന്ത്ര്യം സത്യത്തെ ഹനിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.
പക്ഷേ അസത്യങ്ങള്‍ പ്രചരിപ്പിച്ച് കൊണ്ട് ആശയ പോരാട്ടങ്ങള്‍ വിജയിക്കണമെന്ന ലക്ഷ്യം ഇവര്‍ക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യഥാര്‍ത്ഥ പോരാട്ടങ്ങളെ തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സാമൂഹ്യമാധ്യമങ്ങളിലുടെ തെറ്റായവിവരങ്ങള്‍ പ്രചരിപ്പിക്കുകയും വിദ്വേഷപ്രസംഗങ്ങള്‍ നടത്തുകയും ചെയ്യുന്നത് ജനാധിപത്യത്തില്‍ പരമ്പരാഗത ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കലാണ്.