ഹൈദരാബാദ്:തനിക്കെതിരെ സ്‌ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതില്‍ നടന്‍ മന്‍സൂര്‍ അലി ഖാന്‍ മാപ്പ് പറഞ്ഞതിന് പിന്നാലെ പ്രതികരണവുമായി നടി തൃഷ കൃഷ്‌ണന്‍. 'തെറ്റ് പറ്റുന്നത് മാനുഷികമാണ്, ക്ഷമിക്കുന്നതാണ് ദൈവീകം' എന്നാണ് താരം എക്‌സില്‍ കുറിച്ചത്. നടന്‍ മന്‍സൂര്‍ അലി ഖാന്‍റെ പേര് പരാമര്‍ശിക്കാതെയാണ് തൃഷ എക്‌സില്‍ പോസ്റ്റ് പങ്കിട്ടത്. കൈക്കൂപ്പുന്ന ഇമോജിയും ചേര്‍ത്താണ് താരത്തിന്‍റെ പോസ്റ്റിട്ടത്.
താരത്തെ കുറിച്ച് സ്‌ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിന് പിന്നാലെ വലിയ വിവാദങ്ങള്‍ ഉയര്‍ന്നതോടെ ഇന്ന് (നവംബര്‍ 24) രാവിലെയാണ് മന്‍സൂര്‍ അലി ഖാന്‍ മാപ്പ് പറഞ്ഞത്. വാര്‍ത്ത സമ്മേളനത്തിലാണ് താരത്തിനെതിരെയുണ്ടായ പരാമര്‍ശത്തില്‍ മന്‍സൂര്‍ അലി ഖാന്‍ മാപ്പ് അറിയിച്ചത്. ഇതിന് പിന്നാലെയാണ് തൃഷ എക്‌സില്‍ പോസ്റ്റിട്ടത്. എന്‍റെ വാക്കുകള്‍ സഹപ്രവര്‍ത്തകയെ വേദനിപ്പിച്ചുവെന്ന് മനസിലാക്കുന്നവെന്നും തൃഷ ദയവായി തന്നോട് ക്ഷമിക്കണം എന്നുമാണ് മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്.
തൃഷയ്‌ക്കെതിരെയുള്ള പരാമര്‍ശവും വിവാദങ്ങളും:ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് താരത്തിനെതിരെയുള്ള മന്‍സൂര്‍ അലി ഖാന്‍റെ പരാമര്‍ശം. ലിയോ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മോശം പരാമര്‍ശം ഉണ്ടായത്. ചിത്രത്തില്‍ തൃഷയുമായി ബെഡ് റൂം സീന്‍ പങ്കിടാന്‍ അവസരം ലഭിച്ചില്ലെന്നായിരുന്നു മന്‍സൂര്‍ അലി ഖാന്‍റെ പരാമര്‍ശം.
നേരത്തെ അഭിനയിച്ച ചിത്രങ്ങളില്‍ ഖുശ്‌ബുവിനും റോജയ്‌ക്കും ഒപ്പം ബെഡ് റൂം സീനുകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും തൃഷയ്‌ക്കൊപ്പം ഇത്തരം സീനില്‍ അഭിനയിക്കാനായില്ലെന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞു. തീര്‍ച്ചയായും ബെഡ് റൂം സീന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അതിന് താത്‌പര്യമുണ്ടായിരുന്നുവെന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞിരുന്നു.