ഹൈദരാബാദ്: സിനിമാലോകം ഒന്നടങ്കം ഒരു ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ലോകേഷ് കനകരാജ് - വിജയ് കൂട്ടുകെട്ടിന്‍റെ 'ലിയോ' എന്ന ചിത്രമാണത് (Vijay and Lokesh Kanagaraj's upcoming movie Leo). ഒക്ടോബർ 19 ന് ആഗോള വ്യാപകമായി ചിത്രം റിലീസിനെത്തും.
ഇപ്പോഴിതാ 'ലിയോ'യ്‌ക്കായി അക്ഷമയോടെ കാത്തിരിക്കുന്ന ആരാധകരിൽ ആവേശം നിറച്ച് സിനിമയിലെ ഇതുവരെ കാണാത്ത ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുകയാണ് നായികയായ തൃഷ കൃഷ്‌ണൻ. മേക്കിങ്ങിനിടെ പകർത്തിയ ഏതാനും ചിത്രങ്ങളാണ് ആരാധകർക്ക് വിരുന്നായി തൃഷ പങ്കുവച്ചിരിക്കുന്നത്. സിനിമയുടെ റിലീസിന് അഞ്ച് ദിവസം മാത്രം ശേഷിക്കെ എത്തിയ ചിത്രങ്ങൾ സിനിമയ്‌ക്കായുള്ള കാത്തിരിപ്പിന് ആക്കം കൂട്ടി എന്നതിൽ തർക്കമില്ല (Trisha dropped unseen pictures from Leo).
'മാസ്റ്ററി'ന് ശേഷം ലോകേഷും വിജയ്‌യും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ലിയോ'. 2021 ൽ ആണ് 'മാസ്‌റ്റർ' പുറത്തിറങ്ങിയത്. രണ്ടു വർഷങ്ങൾക്കിപ്പുറം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിന്‍റെ ആവേശത്തിലാണ് ആരാധകർ.
അതേസമയം നീണ്ട 14 വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് തൃഷയും വിജയ്‌യും ഒരിക്കൽ കൂടി വെള്ളിത്തിരയിൽ ഒന്നിക്കുന്നത് എന്നതും 'ലിയോ'യുടെ ആകർഷണം ഇരട്ടിയാക്കിയിട്ടുണ്ട്. ഇരുവരുടെയും ഓൺ സ്‌ക്രീൻ കെമിസ്‌ട്രി ഒരിക്കൽ കൂടി കാണാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ. 'ഗില്ലി' (Ghilli), 'തിരുപ്പാച്ചി' (Thirupaachi), 'ആദി' (Aathi), 'കുരുവി' (Kuruvi) തുടങ്ങിയ ചിത്രങ്ങളിൽ ഇരുവരുടെയും പ്രകടനങ്ങൾ ആസ്വദിച്ച ആരാധകർക്ക് ആ ഓർമ്മകൾ തിരികെ നൽകുന്നതാണ് ഇപ്പോൾ പുറത്തുവന്ന ചിത്രങ്ങൾ.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിജയ്‌ക്കൊപ്പമുള്ള ഈ ലൊക്കേഷൻ ചിത്രങ്ങൾ ഏതായാലും സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. മലയാളിതാരം മാത്യു തോമസും തമിഴ് ബാലതാരം ഇയാലും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി ഉണ്ട്. ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്തും അർജുൻ സർജയുമാണ് പ്രതിനായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പ്രിയ ആനന്ദ്, അർജുൻ ദാസ്, മിഷ്‌കിൻ, ജാഫർ സിദ്ദിഖ്, മൻസൂർ അലി, അനുരാഗ് കശ്യപ്, ഗൗതം മേനോൻ, ബാബു ആന്‍റണി എന്നിവരും മറ്റും ഉൾപ്പെടുന്ന ശ്രദ്ധേയമായ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു (Leo cast).
അടുത്തിടെയാണ് 'ലിയോ'യുടെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. കയ്യടികൾക്കൊപ്പം നിരവധി വിമർശനങ്ങളും ട്രെയിലർ നേരിട്ടിരുന്നു. ട്രെയിലറിൽ വിജയ്‌യുടെ കഥാപാത്രം 'മോശമായ ഭാഷയും പദങ്ങളും' ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനങ്ങൾ. കൂടാതെ ചിത്രത്തിലെ നർത്തകർക്ക് കുടിശ്ശിക നൽകിയില്ലെന്നും സിനിമയുടെ നിർമാതാക്കൾക്കെതിരെ ആരോപണം ഉയർന്നിരുന്നു.
അതേസമയം ഗോകുലം ഗോപാലന്‍റെ ശ്രീ ഗോകുലം മൂവീസ് (Sree Gokulam Movies) ആണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. 'ലിയോ'യുടെ ബുക്കിങ് നാളെ (ഒക്‌ടോബർ 15, ഞായറാഴ്‌ച) മുതൽ ആരംഭിക്കുമെന്ന് വിതരണക്കാർ അറിയിച്ചിട്ടുണ്ട്. ബുക്ക് മൈ ഷോ, പേടിഎം, ടിക്കറ്റ് ന്യൂ, ക്യാച്ച് മൈ സീറ്റ്.കോം എന്നീ ആപ്ലിക്കേഷൻ, വെബ്സൈറ്റ് വഴി നാളെ രാവിലെ 10 മണി മുതൽ ബുക്കിങ് നടത്താനാകും (Leo booking in Kerala from October 15).
ALSO READ:Leo Movie Kerala Booking Start Date കേരളത്തിൽ 'ലിയോ' ബുക്കിങ് 15 മുതൽ; പ്രഖ്യാപനവുമായി വിതരണക്കാർ