കേരളം

kerala

ETV Bharat / bharat

ചരിത്രത്തിലെ ആവേശകരമായ മത്സരത്തിന് ത്രിപുര: 2023 നിയമസഭ തെരഞ്ഞെടുപ്പ് മോദി-ഷായുടെ അഭിമാന പോരാട്ടം

3,357 പോളിംഗ് സ്റ്റേഷനുകളിൽ യോഗ്യരായ 28 ലക്ഷത്തോളം വോട്ടർമാർ. വോട്ടർമാരിൽ പകുതിയോളം സ്ത്രീകൾ. ചരിത്രത്തിലെ ഏറ്റവും ആവേശകരമായ മത്സരത്തിന് ത്രിപുര വേദിയാകുന്നു.

tripura assembly polls  bjp cong cpim and tipra motha  triangular contest  2023 ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ്  മോദി ഷാ  നരേന്ദ്ര മോഡി
tripura election 2023

By

Published : Feb 16, 2023, 7:34 AM IST

Updated : Feb 16, 2023, 9:22 AM IST

അഗര്‍ത്തല: ഇടത് കോട്ട തകര്‍ത്ത് 2018ൽ ത്രിപുരയിൽ സര്‍ക്കാര്‍ രൂപീകരിച്ച ബിജെപിക്ക് 2023ലെ നിയമസഭ തെരഞ്ഞെടുപ്പ് അഭിമാനപോരാട്ടമാണ്. റെക്കോഡ് ഭൂരിപക്ഷത്തിൽ ഭരണ തുടര്‍ച്ചയില്‍ കവിഞ്ഞതൊന്നും ബിജെപി ആഗ്രഹിക്കുന്നില്ല. വടക്ക് - കിഴക്കന്‍ സംസ്ഥാനങ്ങളുടെ രാഷ്‌ട്രീയ ഭാവിയിൽ നിർണായക സ്ഥാനമുള്ള സംസ്ഥാനമെന്ന നിലയിൽ കൂടിയാണ് നരേന്ദ്ര മോദി - അമിത്ഷാ സഖ്യം കാര്യങ്ങളെ വിലയിരുത്തുന്നത്.

60 സീറ്റുകളുള്ള ത്രിപുര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ യോഗ്യരായ 28 ലക്ഷത്തോളം വോട്ടർമാരാണ് ഉള്ളത്. പാർലമെന്‍റ് തെരഞ്ഞെടുപ്പ് 2024 ൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബിജെപിയുടെ രാഷ്‌ട്രീയ ഭാവിക്ക് വരാനിരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പ്രധാനപ്പെട്ടതാണ്. രാജ്യത്തെ മൂന്നാമത്തെ ചെറിയ സംസ്ഥാനമാണെങ്കിലും ഇന്ത്യയുടെ കിഴക്കൻ മേഖലയിൽ അടിയുറപ്പിക്കാനുള്ള രാഷ്‌ട്രീയ കരുനീക്കം സാധ്യമാവണമെങ്കിൽ ത്രിപുര ബിജെപിക്ക് കൈപ്പിടിയിലാക്കേണ്ടതുണ്ട്. ഇത് മുന്നിൽ കണ്ടുതന്നെയാണ് ഈ മാസം നടക്കാനിരിക്കുന്ന നാഗാലാന്‍ഡ്, മേഘാലയ തെരഞ്ഞെടുപ്പുകളെ ബിജെപി സമീപിക്കുന്നത്.

28 ലക്ഷം വോട്ടർമാർ:ഔദ്യോഗിക കണക്കുകളുടെ അടിസ്ഥാനത്തിൽ യോഗ്യരായ 28 ലക്ഷത്തോളം വോട്ടർമാരാണ് ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുക. വോട്ടർമാരിൽ പകുതിയോളം സ്ത്രീകളാണ്. 3,357 പോളിങ് സ്റ്റേഷനുകളിൽ 97 പോളിങ് സ്റ്റേഷനുകളും നിയന്തിക്കുന്നത് സ്‌ത്രീകളാണ്. 44 എണ്ണം ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർ നിയന്ത്രിക്കുമ്പോൾ 88 എണ്ണം മാതൃക പോളിങ് സ്റ്റേഷനുകളാണ്.

ഭൂപ്രദേശം: ഇന്ത്യയിലെ വടക്കു കിഴക്കൻ സംസ്ഥാനമായ ത്രിപുര പശ്ചിമ ബംഗാളിനോട് ഭൂമിശാസ്‌ത്രപരമായും ഭാഷാപരമായും നിരവധി സാമ്യതകൾ പുലർത്തുന്നുണ്ട് എങ്കിലും അന്തർസംസ്ഥാനാതിർത്തി പങ്കിടുന്ന മിസോറാം, അസം എന്നീ സംസ്ഥാനങ്ങളുടെ രാഷ്‌ട്രീയ പശ്ചാത്തലവുമായി സമാനതകൾ നിലനിൽക്കുന്ന ഭൂമിക കൂടിയാണ്. ബംഗ്ലാദേശുമായി ഭൂരിപക്ഷം അതിർത്തി പങ്കിടുന്ന ഹിമാലയ നിരകളിൽ സ്ഥിതിചെയ്യുന്ന ത്രിപുരക്ക് 54 ശതമാനവും വനഭൂമിയും 10,491.69 ചതുരശ്ര കിലോമീറ്റർ ചുറ്റളവുമാണുള്ളത്.

സുരക്ഷ: സ്വതന്ത്രവും സുരക്ഷിതവുമായ തെരഞ്ഞെടുപ്പ് സാധ്യമാക്കാൻ ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഇലക്ഷൻ കമ്മിഷൻ നടപ്പിലാക്കിയിരിക്കുന്നത്. പ്രശ്‌നബാധിത ബൂത്തുകൾ ഉൾപ്പെടെയുള്ള എല്ലാ ബൂത്തുകളും പാരാമിലിട്ടറി സേനയാവും സംരക്ഷിക്കുക. ആളുകളുടെ വരി നിയന്ത്രണം മാത്രമായിരിക്കും സംസ്ഥാന പൊലീസിന്‍റെ ചുമതല. മിസോറാം, അസം, ബംഗ്ളാദേശ് എന്നീ പ്രദേശങ്ങളുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങൾ ഇതിനോടകം ഇലക്ഷൻ കമ്മിഷൻ സീല് ചെയ്‌തുകഴിഞ്ഞു.

കാവിരാഷ്‌ട്രീയം: കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങൾക്ക്‌ വേരോട്ടം ഉണ്ടായിരുന്ന മണ്ണാണ് ത്രിപുര. രണ്ടു പതിറ്റാണ്ട് നീണ്ടുനിന്ന കമ്യുണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് 2018ൽ നടന്ന ത്രിപുര നിയമസഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം മണ്ഡലങ്ങളിലും ഭാരതീയ ജനത പാർട്ടി വിജയിക്കുകയും ത്രിപുരയിൽ അവരുടെ ആദ്യത്തെ സർക്കാർ രൂപീകരിക്കുകയും ചെയ്‌തത്. പശ്ചിമ ബംഗാളിൽ 35 വർഷം നീണ്ടുനിന്ന കമ്യൂണിസ്‌റ്റ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് മമത ബാനർജി അധികാരത്തിലേറിയതിന് സമാനമായിരുന്നു ത്രിപുരയുടെയും ചരിത്രം. കേന്ദ്രത്തിൽ അധികാരം ലഭിച്ചിട്ടും 1983 മുതൽ 2013 വരെ ഇന്ത്യയുടെ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളുടെ ഭരണം കയ്യാളാനോ ഒരു സീറ്റിൽ പോലും അധികാരം പിടിക്കാനോ ഭാരതീയ ജനത പാർട്ടിക്ക് സാധിച്ചിരുന്നില്ല.

എന്നാൽ 2018ൽ 60ൽ 36 സീറ്റുകളിൽ ബിജെപി വിജയിച്ചു എന്നതിനപ്പുറം വോട്ട് വിഹിതം 43.5 ശതമാനത്തിലേക്ക് കുതിച്ചു കയറി. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളും പിടിച്ചടക്കി. എന്നാൽ അധികാരത്തിലേറിയ അഞ്ച് വർഷം മുഖ്യമന്ത്രിയെ അടക്കം മാറ്റി പരീക്ഷിക്കേണ്ടി വന്ന സാഹചര്യങ്ങൾ ബിജെപി നേരിട്ടു. ഭരണ വിരുദ്ധത, പ്രതിപക്ഷ സഖ്യങ്ങൾ, ടിപ്ര മോത പോലെയുള്ള ഗോത്രവർഗ ശക്തിയുടെ ഉദയം എന്നിങ്ങനെ നിരവധി വെല്ലുവിളികൾ ഭരണകക്ഷിയായ ബിജെപി നിലവില്‍ അഭിമുഖീകരിക്കുന്നുണ്ട്.

തൃണമൂലിന്‍റെ ഉദയം: തൃണമൂൽ കോൺഗ്രസിന്‍റെ കടന്നുവരവാണ് മറ്റൊന്ന്. ഇടതുപക്ഷത്തിന്‍റെയും കോൺഗ്രസിന്‍റെയും അതേ വോട്ടുകളാണ് തൃണമൂൽ കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഈ സാഹചര്യം വോട്ട് നേടാൻ അനുകൂലമാണെങ്കിലും ബിജെപിക്ക് ഉള്ളിലെ പ്രശ്‌നങ്ങൾ ഈ സാഹചര്യത്തെ സമ്പൂർണമായി വിനിയോഗിക്കുന്നതിൽ നിന്നും വിലങ്ങുതടിയാകും. മുൻ മുഖ്യമന്ത്രി ബിപ്‌ളവ് ദേബിനെ മാറ്റി മണിക് സഹയെ നിയമിച്ചതും, ദേബിന് തെരഞ്ഞെടുപ്പിൽ നിൽക്കാൻ അനുമതി നിഷേധിച്ചതും ചർച്ചയായിരുന്നു. നരേന്ദ്ര മോദി - അമിത് ഷാ സഖ്യം പാർട്ടിക്കുള്ളിലെ അമർഷങ്ങളെ എങ്ങനെ പരിഹരിക്കും എന്നത് കണ്ടറിയേണ്ടതാണ്. ആവേശകരമായ മത്സരത്തിന് ത്രിപുര വേദിയാകുമ്പോൾ എല്ലാ പാർട്ടികൾക്കും ഇന്ത്യൻ രാഷ്‌ട്രീയത്തിൽ സ്ഥാനം ഉറപ്പിക്കാൻ ഇത് നിർണായകമാണ്.

Last Updated : Feb 16, 2023, 9:22 AM IST

ABOUT THE AUTHOR

...view details