അഗര്‍ത്തല:60 നിയമസഭ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന ത്രിപുരയില്‍ വോട്ടെടുപ്പ് ആരംഭിച്ചു. പോളിങ് ആരംഭിച്ച് ആറ് മണിക്കൂറില്‍ 51.35 ശതമാനം വോട്ടാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ബൂത്ത് ഏജന്‍റുമാര്‍ മോക്ക് പോളിങ്ങിലൂടെ ഇവിഎമ്മിന്‍റെ പ്രവര്‍ത്തനം പരിശോധിച്ച ശേഷം രാവിലെ ഏഴ് മണി മുതല്‍ തന്നെ പോളിങ് ആരംഭിച്ചിരുന്നു.
തെരഞ്ഞെടുപ്പില്‍ ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ അഭിപ്രായപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കിട്ടിയതില്‍ അധികം സീറ്റ് ഇത്തവണ പാര്‍ട്ടി സ്വന്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാറാണി തുളസീപതി ഗേള്‍സ് സ്‌കൂളിലെ പോളിങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോഴായിരുന്നു ടൗൺ ബർദോവാലി മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന അദ്ദേഹത്തിന്‍റെ പ്രതികരണം.
ത്രിപുരയിലെ ജനങ്ങള്‍ എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിട്ടുണ്ട്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. വോട്ടവകാശം കൃത്യമായി വിനിയോഗിക്കാന്‍ സംസ്ഥാനത്തെ യുവാക്കള്‍ക്കും പ്രധാനമന്ത്രി ആഹ്വാനം നല്‍കി.