അഗര്‍തല: ത്രിപുര അസംബ്ലി തെരഞ്ഞെടുപ്പില്‍ റെക്കോഡ് പോളിങ്. ഇന്ന് രാവിലെ ആരംഭിച്ച പോളിങ് അവസാനിക്കുമ്പോൾ 81.10 ശതമാനത്തിലെത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഫെബ്രുവരി 27 ന് നടക്കാനിരിക്കുന്ന മേഘാലയ, നാഗലാന്‍ഡ് അസംബ്ലി തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം മാര്‍ച്ച് രണ്ടിനാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍.
ത്രിപുര നിയമസഭയിലെ 60 സീറ്റുകളിലേക്കായി നടന്ന തെരഞ്ഞെടുപ്പ് 3357 പോളിങ് ബൂത്തുകളിലായി ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ആരംഭിച്ചത്. ഇതില്‍ 84 ശതമാനം പോളിങുമായി ദക്ഷിണ ത്രിപുരയാണ് മുന്നിലുള്ളത്. 81.47 ശതമാനം പോളിങുമായി ധലായും 80.40 ശതമാനം പോളിങുമായി ഉനകോട്ടിയുമാണ് ഇതിന് പിന്നിലായി ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. 76.06 ശതമാനവുമായി വടക്കൻ ത്രിപുര ജില്ലയാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്.
വോട്ടിന്‍റെ ചൂടിലും ത്രിപുര ശാന്തം:ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ ഒഴിവാക്കിയാല്‍ പോളിങ് ശാന്തമായിരുന്നു. മാത്രമല്ല സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ ഓരോ പോളിങ് സ്‌റ്റേഷനുകള്‍ക്ക് മുന്നിലും നീണ്ട ക്യൂവുണ്ടായിരുന്നു. എന്നാല്‍ തെക്കന്‍ ത്രിപുര ജില്ലയിലെ ശാന്തിര്‍ബസാര്‍ അസംബ്ലി മണ്ഡലത്തിലെ കലച്ചെര പോളിങ് ബൂത്തിന് പുറത്ത് ബിജെപി - സിപിഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റയാളെ അധികൃതര്‍ ആശുപത്രിയിലെത്തിച്ചുവെന്ന് ത്രിപുര ചീഫ് ഇലക്ഷന്‍ ഓഫീസര്‍ കിരണ്‍ ഗിറ്റെ ട്വീറ്റ് ചെയ്‌തു. സംഭവത്തില്‍ ശാന്തിര്‍ബസാര്‍ പൊലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും എന്നാല്‍ പരിക്കേറ്റ സിപിഐ പ്രവര്‍ത്തകന്‍ അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഉറപ്പാണ് ബിജെപി?:തെരഞ്ഞെടുപ്പില്‍ ബിജെപി കേവല ഭൂരിപക്ഷം നേടുമെന്ന കാര്യത്തില്‍ തനിക്ക് നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്നറിയിച്ച് ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ രംഗത്തെത്തി. കഴിഞ്ഞതവണ നേടിയതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ പാര്‍ട്ടി നേടുമെന്നും അദ്ദേഹം വ്യക്തമാക്കി. മഹാറാണി തുളസിബതി ഗേള്‍സ് സ്‌കൂളിലെ പോളിങ് സ്‌റ്റേഷനില്‍ വോട്ടിങിനായെത്തിയപ്പോള്‍ മാധ്യമങ്ങളോടായിരുന്നു മാണിക് സാഹയുടെ പ്രതികരണം.
ടൗൺ ബർദോവാലി മണ്ഡലത്തിൽ നിന്നാണ് മാണിക് സാഹ ഇത്തവണയും ജനവിധി തേടുന്നത്. അദ്ദേഹത്തിന്‍റെ സുഹൃത്തും കേന്ദ്രമന്ത്രിയുമായ പ്രതിമ ഭൗമിക് ധന്‍പൂരില്‍ നിന്നാണ് ഇത്തവണ മത്സരിക്കുന്നത്. ത്രിപുര സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചഡുധരി ഇടതുപക്ഷ- കോണ്‍ഗ്രസ് കൂട്ടുകെട്ടിന്‍റെ ഭാഗമായി സബ്‌റൂം അസംബ്ലി മണ്ഡലത്തില്‍ നിന്നുമാണ് ജനവിധി തേടുന്നത്.
മത്സരം കനക്കുമ്പോള്‍: ഒരുവശത്ത് ഭരണപക്ഷമായ ബിജെപിയും മറ്റൊരുവശത്ത് ഇടത് വലത് സംയുക്ത കൂട്ടുകെട്ടും മറ്റൊരു വശത്ത് പ്രാദേശിക ശക്തിയായ തിപ്ര മോത്തയുമുള്‍പ്പടെ ത്രികോണ മത്സരമാണ് ത്രിപുരയില്‍ നടക്കുന്നത്. പ്രത്യേക സംസ്ഥാന പദവിക്കായി പോരാടാന്‍ മുന്‍ രാജകുടുംബാംഗമായ പ്രദ്യോത് ദെബ്ബര്‍മ സ്ഥാപിച്ച തിപ്ര മോത്ത സംസ്ഥാനത്ത് 42 സീറ്റുകളില്‍ ജനവിധി തേടുന്നുണ്ട്.
5 സീറ്റുകളില്‍ ബിജെപിയും ബാക്കിയുള്ള അഞ്ച് സീറ്റുകളില്‍ സഖ്യകക്ഷിയായ ഐപിഎഫ്‌ടിമാണ് മത്സരിക്കുന്നത്. ഇടത്- കോണ്‍ഗ്രസ് കൂട്ടികെട്ടില്‍ 47 സീറ്റുകളില്‍ സിപിഎമ്മും 13 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് മത്സരിക്കുന്നത്. ഇവരെക്കൂടാതെ 28 മണ്ഡലങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസും നാമനിര്‍ദേശം ചെയ്‌ത സ്ഥാനാര്‍ഥികളും 58 സ്വതന്ത്രരും ഉള്‍പ്പടെ ത്രിപുരയില്‍ ശക്തമായ മത്സരമാണ് അരങ്ങേറുന്നത്. 12 വനിത സ്ഥാനാര്‍ഥികളെ കളത്തിലിറക്കിയ ബിജെപിയാണ് ഏറ്റവുമധികം വനിത പ്രതിനിധികള്‍ക്ക് അവസര നല്‍കിയിട്ടുള്ളത്.