അഗർത്തല: 25 വർഷം തുടർച്ചയായി ഭരിച്ച സിപിഎമ്മിനെ അപ്രസക്തമാക്കിക്കൊണ്ടാണ് 2018ല്‍ വമ്പൻ വിജയവുമായി ത്രിപുരയില്‍ ബിജെപി ആദ്യമായി അധികാരത്തിലെത്തിയത്. 60 മണ്ഡലങ്ങളുള്ള ത്രിപുരയില്‍ ബിജെപി 36 സീറ്റുകൾ നേടിയപ്പോൾ സിപിഎമ്മിന് 16 സീറ്റില്‍ ഒതുങ്ങേണ്ടി വന്നു. ഐപിഎഫ്‌ടി എട്ട് സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് ചിത്രത്തില്‍ പോലും ഇല്ലായിരുന്നു.
2019ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ ആകെയുള്ള രണ്ട് സീറ്റിലും ബിജെപി ജയിക്കുക കൂടി ചെയ്‌തതോടെ ഇടത് പാർട്ടികളും കോൺഗ്രസും സമ്പൂർണമായി ത്രിപുരയില്‍ നിന്ന് പുറത്താകുന്ന വക്കിലെത്തി. എന്നാല്‍ 2023ല്‍ എത്തുമ്പോൾ അധികാരത്തില്‍ എത്തുക എന്നതിനേക്കാൾ ത്രിപുരയുടെ രാഷ്ട്രീയ ചിത്രത്തിലേക്ക് തിരിച്ചെത്തുക എന്നത് മാത്രമായിരുന്നു സിപിഎമ്മും കോൺഗ്രസും ലക്ഷ്യമിട്ടത്. അതുകൊണ്ടുതന്നെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള എതിർപ്പ് മറികടന്ന് ദേശീയ നേതൃത്വത്തിന്‍റെ നേരിട്ടുള്ള ഇടപെടലോടെ സിപിഎമ്മും കോൺഗ്രസും കൈകോർത്തു.
സിപിഎമ്മിന് കഴിഞ്ഞ തവണ ലഭിച്ച സീറ്റുകൾ ഇത്തവണ നേടാനായില്ല എന്നത് തിരിച്ചടിയാണെങ്കിലും കോൺഗ്രസിന് ലഭിച്ച എല്ലാ സീറ്റുകളും അവർക്ക് ബോണസാണ്. കഴിഞ്ഞ തവണത്തെ പൂജ്യത്തില്‍ നിന്നാണ് കോൺഗ്രസ് വീണ്ടും ത്രിപുര നിയമസഭയിലേക്ക് എത്തുന്നത്. ബിജെപി ഉയർത്തിയ അതിശക്തമായ വെല്ലുവിളി അതിജീവിച്ച് ഇത്തവണ നേടിയ സീറ്റുകൾ ഇരു പാർട്ടികൾക്കും വലിയ ആശ്വാസമാണ്.
തീരുമാനം തിപ്രമോതയുടേത്: ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെയും ബിജെപിയേയും നേരിട്ട ഇടത്-കോൺഗ്രസ് സഖ്യത്തിന് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം നേടാനായില്ലെങ്കിലും ത്രിപുരയുടെ രാഷ്ട്രീയ ഭൂപടത്തില്‍ അവർ ഉണ്ടെന്ന് തെളിയിക്കാനായി. അതേ സമയം 12 സീറ്റുകളുമായി തിപ്രമോത എന്ന പുതിയ രാഷ്ട്രീയ പാർട്ടി ത്രിപുരയില്‍ ശക്തി പ്രകടിപ്പിക്കുന്നത് ഇടത് കോൺഗ്രസ് സഖ്യത്തിന് വൻ തിരിച്ചടിയായി.
കമ്മ്യൂണിസ്റ്റുകാർക്കൊപ്പം ചേരാൻ താല്‍പര്യമില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച മുൻ കോൺഗ്രസ് നേതാവ് കൂടിയായ പ്രദ്യോത് ദേബ് ബർമൻ ബിജെപിക്കൊപ്പം ചേരാനാണ് തുടക്കം മുതല്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നത്. എന്നാല്‍ ഉറപ്പുകൾ എഴുതിത്തരുന്നവർക്ക് പിന്തുണ നല്‍കാമെന്നാണ് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം തിപ്രമോത നേതാവ് പ്രദ്യോത് ദേബ് ബർമൻ നിലപാട് സ്വീകരിച്ചത്.