അഗർത്തല (ത്രിപുര):വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ച് ബിജെപി. 48 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ത്രിപുരയിൽ മൊത്തം 60 സീറ്റുകളാണ് ഉള്ളത്.
21 പുതുമുഖങ്ങളും 11 സ്‌ത്രീകളും സ്ഥാനാർഥിപ്പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. മന്ത്രിമാർക്കെല്ലാം സീറ്റ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി മാണിക് സാഹ സ്വന്തം മണ്ഡലമായ ബർദോവാലിയിൽ നിന്ന് മത്സരിക്കും.
ഉപമുഖ്യമന്ത്രി ജിഷ്‌ണു ദേവ് വർമ ചാരിലാം എസ്‌ടി എന്ന മണ്ഡലത്തിൽ നിന്ന് മത്സരിക്കും. മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന്‍റെ മണ്ഡലമായിരുന്ന ബനമാലിപൂരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ഭട്ടാചാര്യയാണ് മത്സരിക്കുക. ധൻപൂരിൽ നിന്നാണ് കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് മത്സരിക്കുന്നത്.
തെരഞ്ഞെടുപ്പിന് മുൻപ് സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന മൊബഷിർ അലി കൈലാഷഹർ മണ്ഡലത്തിൽ നിന്ന് തന്നെ മത്സരിക്കും. ശേഷിക്കുന്ന സ്ഥാനാർഥികളുടെ പേര് പിന്നീട് അറിയിക്കുമെന്ന് പാർട്ടി അറിയിച്ചു. പതിറ്റാണ്ടുകൾ പഴക്കമുള്ള ഇടതുഭരണത്തെ 2018ലെ തെരഞ്ഞെടുപ്പിൽ പുറത്താക്കിയാണ് ബിജെപി അധികാരത്തിലെത്തിയത്. അതുകൊണ്ട് തന്നെ അധികാരം നിലനിർത്താനുള്ള ശ്രമത്തിലാണ് ബിജെപി തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്നത്.
ഫെബ്രുവരി 16നാണ് ത്രിപുര പോളിങ് ബൂത്തിലേക്ക് നീങ്ങുക. മാർച്ച് രണ്ടിനാണ് വോട്ടെണ്ണൽ. എന്നാൽ, പാർട്ടി പ്രചാരണത്തിനിടെ പല മണ്ഡലങ്ങളിലും രാഷ്‌ട്രീയ പാർട്ടികൾ തമ്മിൽ സംഘർഷം ഉണ്ടാകുന്നുണ്ട്. അതേസമയം, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 17 സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസും പുറത്തുവിട്ടിരുന്നു.
Also read:ത്രിപുര തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്, വാക്കുകളില്‍ ഒതുങ്ങി പ്രതിപക്ഷ തെരഞ്ഞെടുപ്പ് സഖ്യം