ദിയോഘര്‍: ജാര്‍ഖണ്ഡില്‍ കേബിള്‍ കാര്‍ അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. 15 പേർക്കായുള്ള രക്ഷാപ്രവർത്തനം ചൊവ്വാഴ്‌ച പുലർച്ചയോടെ പുനഃരാരംഭിച്ചു. തിങ്കളാഴ്‌ച രാത്രിയോടെ രക്ഷാപ്രവർത്തനം നിർത്തിവച്ചിരുന്നു.
ചൊവ്വാഴ്‌ച രാവിലെ മുതൽ ഇതുവരെ 11 പേരെ ഒഴിപ്പിച്ചു. ട്രോളികളിൽ കുടുങ്ങിയ 32 പേരെയാണ് തിങ്കളാഴ്‌ച രക്ഷപ്പെടുത്തിയത്. എന്നാൽ ഹെലികോപ്‌ടറിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പിടിത്തം വിട്ട് വീണ് ഒരാൾ മരിച്ചിരുന്നു. ഇതോടെ രണ്ട് പേര്‍ക്കാണ് അപകടത്തിൽ ജീവൻ നഷ്ടമായത്. രക്ഷാപ്രവർത്തനത്തിനിടെ കേബിൾ കാറിൽ കുടുങ്ങിയ ഒരു ഗരുഡ കമാൻഡോയെ രക്ഷപ്പെടുത്തി.
വ്യോമസേനയുടെ ആറ് ഹെലികോപ്‌ടറുകളാണ് സംഭവസ്ഥലത്തുള്ളത്. ത്രികൂട് പർവതത്തിന്‍റെ അടിവാരത്ത് വ്യോമസേന താത്കാലിക ബേസ് ക്യാമ്പ് നിർമിച്ചിട്ടുണ്ട്. കേബിൾ കാറിൽ കുടുങ്ങിയവരെ പുറത്തെത്തിച്ച് ബേസ് ക്യാമ്പിലേക്കും അവിടെ നിന്ന് ആംബുലൻസിൽ ആശുപത്രിയിലേക്കും മാറ്റുകയാണ്.
കുടുങ്ങിക്കിടക്കുന്നവർക്ക് റെസ്‌ക്യു സംഘം ഭക്ഷണവും വെള്ളവും നൽകുന്നുണ്ടെന്ന് ദിയോഘർ ജില്ല മജിസ്‌ട്രേറ്റ് മഞ്ജുനാഥ് ഭജൻത്രി പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ല മജിസ്‌ട്രേറ്റ് അറിയിച്ചു.
Also Read: ത്രികൂട് റോപ്‌വേ അപകടം; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു: ദൃശ്യങ്ങൾ