ദിയോഘര്‍ :ജാര്‍ഖണ്ഡില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം മൂന്നായി. കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. 22 പേര്‍ ഇപ്പോഴും കുടുങ്ങിക്കി ടക്കുകയാണെന്ന് ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു. കാഴ്ച മങ്ങിയതോടെ ഇന്നത്തെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു.
ചൊവ്വാഴ്‌ച പുലര്‍ച്ചയോടെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എട്ട് റോപ്പ് വേകളിലായി 22 പേരാണ് 22 മണിക്കൂറില്‍ ഏറെയായി കുടുങ്ങിക്കിടക്കുന്നത്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് ഒരാള്‍ മരിച്ചത്.
ദിയോഘറിലെ തിര്‍ക്കുട്ട് പര്‍വതമേഖലയില്‍ ഞായറാഴ്‌ച വൈകിട്ടായിരുന്നു അപകടം. എയര്‍ഫോഴ്‌സിന്‍റെ രണ്ട് എംഐ-17 (Mi-17) ഹെലികോപ്‌റ്ററുകള്‍ എത്തിച്ചാണ് രക്ഷാപ്രവര്‍ത്തനം. ഇന്നലെ രാത്രിയോടെ 11 പേരെ രക്ഷിച്ചിരുന്നു. 10 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
രക്ഷപ്പെടുത്തിയവരില്‍ ഒരാളാണ് ഞായറാഴ്ച അര്‍ധരാത്രിയോടെ മരിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള സദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ല ഭരണകൂടത്തിന്‍റെയും, ഐ.ടി.ബി.പി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, പൊലീസ്, എന്‍.ഡി.ആര്‍.എഫ്, ബി.എസ്.എഫ് എന്നീ സേനകളും നാട്ടുകാരും രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്.