വിഖ്യാത ബോളിവുഡ് താരം ദിലീപ് കുമാറിന്‍റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ മേഖലകളിലെ പ്രമുഖർ.
ദിലീപ് കുമാറിന്‍റെ വിടവാങ്ങലോടെ ഒരു യുഗം അവസാനിച്ചുവെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററിൽ കുറിച്ചു. അദ്ദേഹം എക്കാലവും ഇന്ത്യയുടെ ഹൃദയത്തിൽ ജീവിക്കുമെന്നും രാംനാഥ് കോവിന്ദ് കൂട്ടിച്ചേർത്തു.
ചലച്ചിത്ര ഇതിഹാസം എന്ന നിലയിലാണ് ദിലീപ് കുമാർ ഓർമിക്കപ്പെടുക. അദ്ദേഹത്തിന്‍റെ വേർപാട് നമ്മുടെ സാംസ്‌കരിക രംഗത്തിന് വലിയ നഷ്‌ടമാണ്. കുടുംബത്തിനും സുഹൃത്തുക്കൾക്കും അസംഖ്യം ആരാധകർക്കും അനുശോചനം അർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു.
ദിലീപ് കുമാറിന്‍റെ മരണത്തോടെ ഒരു പ്രസ്ഥാനം അവസാനിക്കുന്നു.'' ഇനി ഇന്ത്യൻ സിനിമയുടെ ചരിത്രം എഴുതുമ്പോൾ അത്'' ദിലീപ് കുമാറിനു മുമ്പും ദിലീപ് കുമാറിനു ശേഷവും ആയിരിക്കും. അദ്ദേഹത്തിന്‍റെ ആത്മാവിന് ശാന്തി നേരുന്നു'' ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ ട്വിറ്ററിൽ കുറിച്ചു.
ദിലീപ് കുമാർ അതുല്യസംഭാവനകൾ ഇന്ത്യൻ സിനിമക്ക് നൽകിയ മഹാനെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും അനുസ്‌മരിച്ചു.
ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടനായിരുന്നു ദിലീപ് കുമാർ ജി. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കുറിച്ചു.
ബോളിവുഡിലെ എക്കാലത്തെയും സ്വപ്ന നായകനും വിഷാദനായകനുമാണ് ദിലീപ് കുമാര്‍. യൂസഫ് ഖാന്‍ എന്നാണ് അദ്ദേഹത്തിന്‍റെ യഥാര്‍ഥ പേര്. 1922 ഡിസംബര്‍ 11ല്‍ പാകിസ്താനിലെ പെഷാവറില്‍ ജനിച്ച അദ്ദേഹത്തിന്‍റെ അഭിനയ ജീവിതം തുടങ്ങുന്നത് 1944ലാണ്.
ദേവദാസ്, നയാ ദോർ, മുഗള്‍ ഇ അസം, ഗംഗാ ജമുന, ക്രാന്തി, രാം ഔര്‍ ശ്യാം തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ദിലീപ് അഭിനയിച്ചു. ബോംബെ ടാക്കീസ് ഉടമകളായിരുന്ന ദേവിക റാണിയും ഭര്‍ത്താവ് ഹിമാൻഷു റായിയുമാണ് ദിലീപ് കുമാറിനെ വെള്ളിത്തിരയിലേക്ക് കൊണ്ടുവരുന്നത്.
1994ല്‍ ദേവിക റാണി നിര്‍മിച്ച ജ്വാര്‍ ഭട്ട (1944) ആണ് ദിലീപ് കുമാറിന്‍റെ ആദ്യ ചിത്രം. 1998ല്‍ ഖില എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്. 6 പതിറ്റാണ്ടുകളായി സിനിമയിലുണ്ടായിരുന്ന അദ്ദേഹം 65 സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. പത്മവിഭൂഷണും ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരവും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.