ജഗ്‌ദല്‍പൂര്‍: ഛത്തീസ്‌ഗഡിലെ സുക്‌മയില്‍ നക്‌സലുകളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികന്‍ പാലക്കാട് ധോണി സ്വദേശി മുഹമ്മദ് ഹക്കീം സുലൈമാന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സുരക്ഷ സേനയും പൊലീസും. ഹക്കീമിന്‍റെ ഭൗതിക ശരീരം സിആർപിഎഫിന്‍റെ ജഗ്‌ദൽപൂർ ബറ്റാലിയനിൽ എത്തിച്ചാണ് സേന അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ശേഷം ഭൗതിക ശരീരം ജന്മനാട്ടിലേക്ക് അയച്ചു.
മലയാളി ജവാന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സേന സുക്‌മയിലെ ഡബ്ബകൊന്തയ്ക്കും പെന്‍റപാഡിനും ഇടയിലുള്ള വനത്തിൽ തെരച്ചില്‍ നടത്തവെ ഇന്നലെ വൈകിട്ട് 4.30ഓടെയാണ് ആക്രമണം ഉണ്ടായത്. സിആർപിഎഫ് സൈനികര്‍ക്ക് നേരെ നക്‌സലുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സേന തിരിച്ചും വെടിയുതിര്‍ത്തെങ്കിലും നക്‌സലുകള്‍ വനത്തിനുള്ളിലേക്ക് രക്ഷപ്പെട്ടു.
ആക്രമണത്തില്‍ ഹക്കീമിന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഭേജിലെ സിആർപിഎഫ് ആശുപത്രിയിൽ എത്തിച്ചു. എന്നാല്‍ ചികിത്സക്കിടെ ഹക്കീം മരണത്തിന് കീഴടങ്ങുകയായിരുന്നു. ജഗ്‌ദൽപൂരിലെ ദിമ്രാപാൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം പൂര്‍ത്തിയാക്കിയ ശേഷം ഭൗതിക ശരീരം ഇന്ന് ബസ്‌തറിലെ സിആർപിഎഫിന്‍റെ ജഗ്‌ദൽപൂർ ബറ്റാലിയനിൽ എത്തിച്ചു.
ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി ഭൗതിക ശരീരം ജന്മനാടായ പാലക്കാട്ടേക്ക് അയച്ചു. ഇന്ന് വൈകിട്ട് 6.30ഓടെ കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തുന്ന ഹക്കീമിന്‍റെ ഭൗതിക ശരീരം 7.30 ഓടെ ധോണിയിലെ വീട്ടിലെത്തിക്കും. 2007 ലാണ് മുഹമ്മദ് ഹക്കീം സുലൈമാന്‍ സിആർപിഎഫില്‍ ചേര്‍ന്നത്. 202 കോബ്ര യൂണിറ്റിലെ ഹവില്‍ദാര്‍ ആയ ഹക്കീം രണ്ടുവര്‍ഷമായി ഛത്തീസ്‌ഗഡിലാണ് ഉള്ളത്.