കൊരാപുട്ട് (ഒഡിഷ) : ജി20 രാജ്യാന്തര സമ്മേളനത്തിൽ (G20 Summit) പങ്കെടുക്കാൻ ഡൽഹിയിലേയ്‌ക്ക് യാത്ര തിരിച്ച് ഒഡിഷയിൽ നിന്നുള്ള ആദിവാസി വനിത കർഷകയായ റായ്‌മതി ഗിയുരിയ (Tribal woman Raimati Ghiuria). റാഗിയുൾപ്പടെയുള്ള ചെറുധാന്യങ്ങളുടെ കൃഷി രീതിയെ കുറിച്ചും സംരക്ഷണത്തെ കുറിച്ചും സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് റായ്‌മതിയുടെ ഈ യാത്ര. കൊരാപുട്ട് ജില്ലയിലെ കുണ്ടുര ബ്ലോക്ക് നിവാസിയായ റായ്‌മതി വെറുമൊരു കർഷകയല്ല.
ജി20 സമ്മേളനത്തിൽ ഒഡിഷയെ പ്രതിനിധീകരിക്കുന്ന ചുരുക്കം ചിലരിലൊരാളാവാൻ മാത്രം ജീവിത വിജയം നേടിയ കർഷകയാണ് റായ്‌മതി. കർഷക എന്നതിലുപരി ജൈവകൃഷി പരിശീലകയുമായ റായ്‌മതി നെല്ല്, റാഗി, മില്ലറ്റ് (മറ്റ് ചെറുധാന്യങ്ങൾ) എന്നിവയുടെ കൃഷിയിലും സംരക്ഷണത്തിലുമാണ് പ്രധാനമായും ഊന്നൽ നൽകുന്നത്. 72 പരമ്പരാഗത ഇനം നെൽ വിത്തുകളും 30 ഇനം തിനയും (72 traditional seed varieties of rice and 30 varieties of millet) കയ്യിലുള്ള ഇവർ ജൈവവളങ്ങളും ജൈവ കീടനാശിനികളും തയ്യാറാക്കൽ, വിൽപന, സംഭരണം, മില്ലറ്റ് വിപണനം എന്നിവയെ കുറിച്ച് വിദ്യാഭ്യാസം നൽകുന്ന എഫ്‌പിഒ (Bamandai Farmers Producers Company Limited) എന്ന സ്ഥാപനത്തിന്‍റെ മേധാവികൂടിയാണ്.