ഭോപാൽ: എട്ട് വയസുകാരനായ മകനെ കടിച്ചെടുത്ത് രക്ഷപ്പെട്ട പുലിക്ക് പിന്നാലെ ഒരു കിലോമീറ്ററോളം ഓടി കുഞ്ഞിനെ തിരിച്ചെടുത്ത് ഒരമ്മ. മധ്യപ്രദേശിലെ ബൈഗ ഗോത്രത്തിലെ കിരൺ എന്ന സ്‌ത്രീയാണ് തന്‍റെ എട്ടു വയസുകാരനായ മകന് വേണ്ടി പുലിക്ക് പിന്നാലെ പോയത്. അതിസാഹസികമായാണ് കിരൺ പുലിയിൽ നിന്നും കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. മധ്യപ്രദേശിലെ സിദ്ദിയിലെ ബരിജാരിയയിലാണ് സംഭവം.
സംഭവം കിരൺ വിശദീകരിക്കുന്നത് ഇങ്ങനെ
ഞായറാഴ്‌ച വൈകുന്നരം ഏഴ് മണിയോടെയാണ് സംഭവം. കഠിന തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ വീടിന് പുറത്ത് ബോൺഫയർ ഒരുക്കുകയായിരുന്നു താൻ. ഒരു കുഞ്ഞിനെ കൈയിൽ പിടിക്കുകയും മറ്റ് രണ്ട് കുട്ടികളെ തന്നോട് ചേർത്തും പിടിച്ചിരുന്നു. അപ്രതീക്ഷിതമായാണ് പിറകിൽ നിന്ന് വന്ന പുലി എട്ടു വയസുകാരനായ രാഹുലിനെ കടിച്ചെടുത്ത് ഓടിയത്.
തന്‍റെ കുഞ്ഞുമായി പുലി പോകുന്നതു കണ്ട തനിക്ക് മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. ഏകദേശം ഒരു കിലോമീറ്ററോളം താൻ പുലിക്ക് പിന്നാലെ ഓടി. അതിനിടെ പുലി കുഞ്ഞിനെ നിലത്ത് വച്ചു. തുടർന്ന് അതിസാഹസികമായാണ് താൻ കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. എന്നാൽ അപ്പോഴും പുലി അക്രമാസക്തമായിരുന്നു.
എന്നെ ആക്രമിക്കാൻ ഒരുങ്ങുകയായിരുന്നു പുലി. എന്നാൽ അതിന് അവസരം ഒരുക്കാതെ പുലിയെ താൻ പുറകിലേക്ക് തള്ളുകയായിരുന്നു. ഇതേ സമയം നാട്ടുകാർ സ്ഥലത്തെത്തി. കൂടുതൽ ആളുകളെ കണ്ട പുലി അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. അതിനു ശേഷം താൻ തലകറങ്ങി വീണു. കണ്ണ് തുറന്ന് നോക്കുമ്പോൾ ആശുപത്രിയിൽ ആയിരുന്നു, കിരൺ പറയുന്നു.
ടൂറിസം വകുപ്പ് പറയുന്നത്
വനത്തിനുള്ളിലുള്ള പുലിയാണ് ആക്രമണത്തിന് പിന്നിലെന്ന് റീജിണൽ ടൂറിസം ഓഫീസർ വാസിം ബുരിയ പറയുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഈ എട്ടുവയസുകാരൻ കുസ്‌മി ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന്‍റെ കവിൾ, കണ്ണ്, പുറകു ഭാഗങ്ങൾ എന്നിവിടങ്ങളിൽ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇതിനകം ചികിത്സ ധനസഹായമായി 1000 രൂപ കുടുംബത്തിന് നൽകിയിട്ടുണ്ട്. കുട്ടിക്കുള്ള ചികിത്സ സഹായം കൂടുതൽ ആവശ്യമായി വന്നാൽ നൽകാൻ തയ്യാറാണെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥൻ അറിയിച്ചു.
സിദ്ദിയിലെ കുസ്‌മി ബ്ലോക്കിലാണ് സജ്ഞയ് ടൈഗർ ബഫർ സോണും തംസർ റേഞ്ചും ഉൾപ്പെടുന്നത്. ഈ പ്രദേശത്തിന്‍റെ മൂന്ന് ഭാഗങ്ങളും പർവതങ്ങൾകൊണ്ട് ചുറ്റപ്പെട്ടതാണ്. ഈ പ്രദേശത്താണ് ബരിജാരിയ ഗ്രാമമുള്ളത്.
ALSO READ:എന്തുരസമാണീ ഇരട്ടച്ചിരി കാണാൻ...! ഇരട്ടക്കുട്ടികളാല്‍ ശ്രദ്ധയാകര്‍ഷിക്കുന്ന സ്കൂളിന്‍റെ വിശേഷങ്ങള്‍