കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ശാന്തിനികേതൻ സന്ദർശിച്ച രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ നേരിൽ കാണണമെന്ന് ആവശ്യം അറിയിച്ച ആറ് ബംഗാൾ ആദിവാസി സംഘടന നേതാക്കളെ പൊലീസ് വീട്ടുതടങ്കലിലാക്കി. വിവാദമായ ദ്യൂച്ച - പച്ചാമി പ്രശ്‌നമുൾപ്പടെ നിരവധി ആവശ്യങ്ങൾ ചർച്ച ചെയ്യാനായി ശാന്തിനികേതനിലേയ്‌ക്ക് കടക്കാൻ അനുവാദം ചോദിച്ച നേതാക്കളെയാണ് സർവകലാശാല തടഞ്ഞത്. ഗോത്രവർഗ - സാന്താള്‍ ജനതയുടെ വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ സംരക്ഷണത്തെക്കുറിച്ച് രാഷ്‌ട്രപതിയുമായി ചർച്ച ചെയ്യാൻ സംഘടന നേതാക്കൾ തീരുമാനിച്ചിരുന്നു.
രാഷ്‌ട്രപതിയെ കാണാനാകാതെ വീട്ടുതടങ്കലിൽ നേതാക്കൾ : രാഷ്ട്രപതിയെ കാണാന്‍ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് വിശ്വഭാരതിയുടെ ആക്‌ടിങ് സെക്രട്ടറി അശോക് മഹതിന് കത്ത് നൽകിയിരുന്നെങ്കിലും അവസാന നിമിഷം ആവശ്യം നിരസിക്കുകയായിരുന്നു. ഇന്ന് രാവിലെ ആറ് മണിക്കാണ് രാം സോറൻ, സോന മുർമു, ഡോ. ബിനോയ് കുമാർ സോറൻ, മിന്തി ഹെംബ്രാം, രതിൻ കിസ്‌കു, ഷിബു സോറൻ എന്നീ ആറ് സംഘടന നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. രാഷ്‌ട്രപതി ശാന്തിനികേതനിൽ തുടരുന്ന അത്രയും സമയവും വീടിന് പുറത്തിറങ്ങരുതെന്നാണ് നേതാക്കൾക്ക് നിർദേശം നൽകിയത്.
കൂടാതെ അവരുടെ വസതികളിൽ പൊലീസിനെ വിന്യസിക്കുകയും ചെയ്‌തിരുന്നു. രാവിലെ മുതൽ വീട്ടുതടങ്കലിലായിരുന്ന നേതാക്കൾക്ക് രാഷ്‌ട്രപതി വൈകീട്ട് അഞ്ച് മണിയോടെ ശാന്തിനികേതനിൽ നിന്ന് തിരിച്ചുപോയ ശേഷമാണ് വീടിന് പുറത്ത് കടക്കാൻ അനുമതി നൽകിയത്.
also read:വഴിയരികില്‍ കാത്തു നിന്ന വിദ്യാര്‍ഥികള്‍ക്ക് രാഷ്‌ട്രപതിയുടെ സ്‌നേഹ മധുരം
കൽക്കരി ഖനനത്തിൽ പ്രതിഷേധം : ദ്യൂച്ച-പച്ചാമിയിൽ ഓപ്പൺ പിറ്റ് കൽക്കരി ഖനനത്തിനായി സർക്കാർ ഭൂമി ഏറ്റെടുത്തിരുന്നു. എന്നാൽ ഖനനം ആരംഭിച്ച നാൾ മുതൽ പ്രദേശവാസികൾ ഖനനത്തിനെതിരെ പ്രതിഷേധത്തിലാണ്. ബോൽപൂർ-ശാന്തിനികേതൻ മേഖലയിൽ റിസോർട്ട്, ഹോട്ടലുകൾ, കോട്ടേജുകൾ എന്നിവയുടെ നിർമാണവുമായി ബന്ധപ്പെട്ട് നിരവധി ആദിവാസികൾക്ക് ഭൂമി നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.