റാഞ്ചി : നവജാത ശിശുവിനെ 20,000 രൂപയ്‌ക്ക് വിൽപ്പന നടത്തി ദമ്പതികൾ. ജാർഖണ്ഡിലെ മക്ലൂസ്‌കിഗഞ്ചിലെ മലർ ഗോത്രത്തിൽപ്പെട്ട ദമ്പതികളാണ് പെണ്‍കുഞ്ഞിനെ വിൽപ്പന നടത്തിയത്. എന്നാൽ സംഭവം പുറത്തറിഞ്ഞതോടെ ഗ്രാമവാസികളും ഉദ്യോഗസ്ഥരും ഇടപെട്ട് കുഞ്ഞിനെ തിരികെ അമ്മയുടെ കൈകളിൽ എത്തിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
പെണ്‍കുഞ്ഞിനെ 20,000 രൂപയ്‌ക്ക് വിൽപ്പന നടത്തി ദമ്പതികൾ ; മദ്യലഹരിയിൽ ആയിരുന്നെന്ന് പിതാവ് - മുദ്‌മ മേള
ജാർഖണ്ഡിലെ മക്ലൂസ്‌കിഗഞ്ചിലെ മലർ ഗോത്രവിഭാഗത്തിൽപ്പെട്ട ദമ്പതികളാണ് പെണ്‍കുഞ്ഞിനെ 20,000 രൂപയ്‌ക്ക് വിൽപ്പന നടത്തിയത്
മലർത്തോളയിൽ താമസിക്കുന്ന ദമ്പതികൾ ഒക്‌ടോബർ 13നാണ് കുട്ടിയെ വിൽപ്പന നടത്തുന്നതിനായി പണം വാങ്ങുകയും സമ്മതപത്രത്തിൽ ഒപ്പിട്ട് നൽകുകയും ചെയ്‌തത്. എന്നാൽ കുഞ്ഞിനെ വിൽക്കുന്നതില്‍ എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും മദ്യം നൽകി ബോധരഹിതനാക്കിയ ശേഷം വെള്ളക്കടലാസിൽ കൈവിരൽ പതിപ്പിച്ച് സമ്മതപത്രത്തിൽ ഒപ്പിടുവിച്ചതാണെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു.
സംഭവ ദിവസം ഗ്രാമത്തിലുള്ളവരെല്ലാം പ്രദേശത്തെ മുദ്‌മ മേള കാണാൻ പോയിരുന്നു. ഇത് കഴിഞ്ഞ് തിരിച്ചെത്തിയ ഗ്രാമീണരാണ് കുട്ടിയെ വിൽപ്പന നടത്തിയതായി കണ്ടെത്തിയത്. തുടർന്ന് ഗ്രാമത്തിലുള്ളവർ പ്രദേശത്തെ ബജ്‌റംഗ്‌ദൾ പ്രവർത്തകനെ വിവരം അറിയിച്ചു. ഇയാൾ സംഭവം ജില്ല ഭരണകൂടത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തുകയും പിന്നാലെ ഉദ്യോഗസ്ഥർ ഇടപെട്ട് കുഞ്ഞിനെ തിരികെ എത്തിക്കുകയുമായിരുന്നു.