ചിക്കബെല്ലാപുര (കർണാടക) :ട്രെക്കിങ്ങിനിടെ കുന്നിൽ നിന്ന് വീണ യുവാവിന് രക്ഷകരായി വ്യോമസേന. ചിക്കബെല്ലാപുര ജില്ലയിലെ നന്ദിഗിരിധാമിന് സമീപമുള്ള ബ്രഹ്മഗിരി കുന്നില്‍ 19 കാരന്‍ കുടുങ്ങുകയായിരുന്നു. ബെംഗളൂരു പിഇഎസ് യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാർഥിയായ ഡൽഹി സ്വദേശി നിശാന്ത് ഗുല്ല (19) ആണ് ഞായറാഴ്‌ച ട്രെക്കിങ്ങിനിടെ കാൽവഴുതി 300 അടി താഴ്‌ചയിലേക്ക് വീണത്.
കൂർമ്പാച്ചി മലയിൽ ട്രക്കിങ്ങിനിടെ കാൽവഴുതി പാറയിടുക്കിലേക്ക് വീണ ബാബുവിന്‍റെ രക്ഷാപ്രവർത്തനത്തിന് സമാനമായ നടപടികളാണ് ഇവിടെയും നടന്നത്. 250 അടി താഴ്‌ചയിലുള്ള പാറയിടുക്കിൽ കുടുങ്ങിയത് നിശാന്തിന് രക്ഷയായി. ഇവിടെ നിന്നും യുവാവ് പൊലീസിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.
യുവാവിനെ രക്ഷിക്കാൻ ജില്ല പൊലീസ്, ഫയർ ഫോഴ്‌സ്, എസ്‌ഡിആർഎഫ്, എൻഡിആർഎഫ് സംഘങ്ങൾ ശ്രമങ്ങൾ നടത്തി. എന്നാൽ ശ്രമങ്ങൾ വിഫലമായതോടെ എയർ ഫോഴ്‌സ് ഹെലികോപ്‌ടറെത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു. ഹെലികോപ്‌ടറിൽ നിന്ന് കയർ കെട്ടി സൈനികർ താഴെയിറങ്ങിയാണ് യുവാവിനെ രക്ഷിച്ചത്. ഇതിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.