തിരുവനന്തപുരം: പ്രമുഖ തീര്‍ഥാടന കേന്ദ്രമായ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സ്വന്തമായുള്ള സത്രവും ധര്‍മ്മശാലയും അടിയന്തരമായി നവീകരിക്കാന്‍ തീരുമാനം. നാലായിരത്തിലേറെ ചതുരശ്ര അടി ഇരുനില സത്രവും ധര്‍മ്മശാലയുമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വാരാണസിയിലുള്ളത്. ഇതിനുള്ളില്‍ ഒരു ക്ഷേത്രവുമുണ്ട്.
തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റെ വകയായിരുന്ന ഈ കെട്ടിടം തിരുവിതാംകൂര്‍ രാജാവില്‍ നിന്നാണ് ദേവസ്വം ബോര്‍ഡിന് ലഭിച്ചത്. കോടികള്‍ വിലമതിക്കുന്ന ഈ സ്വത്തുക്കളെല്ലാം ഇന്ന് ശോചനീയാവസ്ഥയിലാണ്. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ.അനന്തഗോപന്‍റെ നേതൃത്വത്തിലുള്ള സംഘം വാരാണസിയില്‍ സന്ദര്‍ശനം നടത്തി കാര്യങ്ങള്‍ വിലയിരുത്തി.